LiveTV

Live

Kerala

നാടന്‍പാട്ടുകളെ ജനകീയവത്ക്കരിച്ച കലാഭവന്‍ മണി

നാടന്‍പാട്ടുകളെ ജനകീയവത്ക്കരിച്ച കലാഭവന്‍ മണി
Summary
നാടന്‍പാട്ടുകളെ ഇത്രയും തനിമയോടെ പാടുന്ന കലാകാരനെ ഇനി കിട്ടില്ലെന്ന സങ്കടമാണ് നാടന്‍പാട്ടെഴുത്തുകാര്‍ക്ക് പങ്ക് വെക്കാനുള്ളത്.

ഒരു കാലത്ത് അപ്രഖ്യാപിത വിലക്കുണ്ടായിരുന്ന നാടന്‍പാട്ടുകളെ പൊതുവേദികളില്‍ എത്തിച്ച കലാകാരനായിരുന്നു കലാഭവന്‍ മണി. നാടിന്റെ മണമുള്ള പാട്ടുകളെയും എഴുത്തുകാരെയും കണ്ടെത്തുന്നതില്‍ മണി മുന്നില്‍ നിന്നു. മണിയുടെ ഈ പാട്ടുകളെല്ലാം മലയാളികള്‍ ഏറ്റെടുക്കുകയും ചെയ്തു. നാടന്‍പാട്ടുകളെ ഇത്രയും തനിമയോടെ പാടുന്ന കലാകാരനെ ഇനി കിട്ടില്ലെന്ന സങ്കടമാണ് നാടന്‍പാട്ടെഴുത്തുകാര്‍ക്ക് പങ്ക് വെക്കാനുള്ളത്.

കലാഭവന്‍ മണി എന്ന സിനിമാ നടനേക്കാള്‍ മലയാളികള്‍ ഓര്‍ക്കുന്നത് ഒരു പക്ഷേ നാടന്‍പാട്ടുകാരനായ മണിയായിരുന്നു. മണി പാടിയ ഓഡിയോ കാസറ്റുകള്‍ക്കായി കേരളം കാത്തിരുന്നു. പാട്ടുകളെല്ലാം മലയാളികള്‍ ഏറ്റെടുത്തു, പാടി നടന്നു. പൊതു ഇടങ്ങളിലേക്കുള്ള നാടന്‍പാട്ടുകളുടെ തിരിച്ച് വരവ് കൂടിയായിരുന്നു മണി സാധ്യമാക്കിയത്. എഴുത്തുകാരുടെ വലിപ്പചെറുപ്പം നോക്കാതെ നല്ല പാട്ടുകള്‍ മണി ഏറ്റെടുത്ത് പാടി.

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴും മണി വന്ന വഴി മറന്നില്ല. പാട്ടുകളും കാസറ്റുകളും മണിയുടെ ശബ്ദത്തില്‍ തന്നെ പുറത്തിറങ്ങി. കേരളത്തിന് അകത്തും പുറത്തും മണിയുടെ പാട്ടുകള്‍ക്കായി വേദികള്‍ ഒരുങ്ങി. എത്ര തിരക്കുണ്ടായാലും നാടന്‍പാട്ട് പാടുന്നതിന് മണി ഓടിയെത്തും

സിനിമക്കിടയിലും നാടന്‍പാട്ട് പാടാന്‍ വരാറുണ്ട്. കാലങ്ങളെത്ര കഴിഞ്ഞാലും ആ പാട്ടുകളും മണിയുടെ ശബ്ദവും മലയാളികള്‍ ഓര്‍ത്തിരിക്കും എന്ന കാര്യം ഉറപ്പാണ്.