LiveTV

Live

Kerala

എസ്എഫ്ഐ പിന്നില്‍ നിന്നും കുത്തിയാല്‍ തിരിച്ചടിക്കുമെന്ന് എഐഎസ്എഫ്

എസ്എഫ്ഐ പിന്നില്‍ നിന്നും കുത്തിയാല്‍ തിരിച്ചടിക്കുമെന്ന് എഐഎസ്എഫ്
Summary
ലോ അക്കാദമി സമരത്തില്‍ അടുക്കളപ്പുറത്ത് കരാര്‍ ഉണ്ടാക്കിയ എസ്എഫ്ഐ കേരള സമൂഹത്തെ വഞ്ചിച്ചു എന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

എസ്എഫ്ഐയ്ക്കെതിരെ രൂക്ഷവിമര്‍ശവുമായി എഐഎസ്എഫ്. എസ്എഫ്ഐയുടെ നിലവിലെ ഫാസിസ്റ്റ് നിലപാട് അവസാനിപ്പിക്കാതെ തുടര്‍ന്ന് സഹകരണമുണ്ടാകില്ലെന്നും, പിന്നില്‍നിന്ന് കുത്താന്‍വന്നാല്‍ തിരിച്ചടിക്കുമെന്നും എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശമുണ്ടായി. സംസ്ഥാന പൊലീസ് വേട്ടക്കാര്‍ക്കൊപ്പമാണെന്നും ഇരകളെ വേട്ടയാടുകയാണെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

ലോ അക്കാദമി സമരത്തിനുശേഷം ചേര്‍ന്ന എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയാണ് കോട്ടയത്ത് ചേര്‍ന്നത്. എസ്എഫ്ഐയെ കടന്നാക്രമിച്ചാണ് ഭൂരിഭാഗം പ്രതിനിധികളും സംസ്ഥാനകമ്മിറ്റിയില്‍ സംസാരിച്ചത്. നിലവില്‍ എസ്എഫ്ഐ നടത്തുന്ന ഫാസിസ്റ്റ് നിലപാട് അവസാനിപ്പിച്ചില്ലെങ്കില്‍ എഐഎസ്എഫ് മുന്നോട്ടു സഹകരിക്കില്ല. ഭീഷണിയും വിരട്ടും എഐഎസ്എഫിനോടു വേണ്ടെന്നും, ലോ അക്കാദമി സമരത്തിലെ പരാജയം മറയ്ക്കാന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണ് എസ്എഫ്ഐയുടെ ശ്രമമെന്നും യോഗം കുറ്റപ്പെടുത്തി.

ലോ അക്കാദമി സമരത്തില്‍ മാനേജ്മെന്റുമായി അടുക്കളപ്പുറത്ത് കരാര്‍ ഉണ്ടാക്കിയ എസ്എഫ്ഐ കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തോട് മാപ്പ് പറയണം. ക്യാംപസുകളില്‍ പൊലീസ് വേട്ടക്കാര്‍ക്കൊപ്പമാണ്. വിദ്യര്‍ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ക്കൊപ്പം യോജിച്ച് പ്രവര്‍ത്തിക്കാന്‍ എഐഎസ്എഫ് തയ്യാറാണെന്നും സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ അറിയിച്ചു.