LiveTV

Live

Kerala

സുന്നി ഐക്യത്തെ സ്വാഗതം ചെയ്ത് സമസ്ത പ്രസിഡന്‍റ്

സുന്നി ഐക്യത്തെ സ്വാഗതം ചെയ്ത് സമസ്ത പ്രസിഡന്‍റ്
Summary
ഇടതുപക്ഷം അടക്കം സമുദായത്തിന് ഗുണം ചെയ്യുന്ന ഏത് രാഷ്ട്രീയപാര്‍ട്ടിയുമായും സഹകരിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു...

കേരളത്തിലെ സുന്നിസംഘടനകളുടെ ഐക്യം സ്വാഗതാര്‍ഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. സമസ്ത മുസ്‌ലിം ലീഗിന്റെ ബി ടീമല്ലെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിലാണ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം.

സമസ്തയുടെ ഈയിടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുമായി നടത്തിയ അഭിമുഖമാണ് സുപ്രഭാതം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമസ്തയിലെ പിളര്‍പ്പ് ഒരു ചരിത്രഘട്ടത്തില്‍ സംഭവിച്ച ദൗര്‍ഭാഗ്യകരമായ സംഭവമാണ്. എക്കാലത്തും ഭിന്നിച്ചു നില്‍ക്കണമെന്ന് സമസ്ത ആഗ്രഹിക്കുന്നില്ല. സുന്നി ഐക്യത്തിന് ആര് മുന്‍കൈ എടുത്താലും സ്വാഗതം ചെയ്യുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറയുന്നു. സംഘടനാ പരമായ തര്‍ക്കങ്ങള്‍ വ്യക്തി ബന്ധങ്ങളെയും കുടുംബ സൗഹൃദങ്ങളെയും ബാധിക്കാതെ നോക്കണമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.

സമസ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും എ ടീമോ ബി ടീമോ അല്ല. സംഘടനക്കും സമുദായത്തിനും ഗുണം ചെയ്യുന്ന ഏതു രാഷ്ട്രീയ പ്രസ്ഥാനത്തോടും സമസ്ത സഹകരിക്കും. അതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇഫ്താറിനും മറ്റും ക്ഷണിച്ചപ്പോള്‍ സമസ്തയുടെ നേതാക്കള്‍ പോയതെന്നും തങ്ങള്‍ പറഞ്ഞു. സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ എന്നീ സംഘടനകളുമായും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സമസ്ത സന്നദ്ധമാണ്. അബ്ദുന്നാസര്‍ മഅദനിക്കു നീതി നിഷേധിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറയുന്നു.