LiveTV

Live

Kerala

പട്ടികജാതി കുടുംബങ്ങളുടെ പുനരധിവാസത്തിനായി ജിസിഡിഎ ഭൂമി കൊച്ചി കോര്‍പറേഷന്‍ കൈമാറിയില്ല

Summary
സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതാണ് ഭൂമി കൈമാറുന്നതിന് തടസ്സമായതെന്നും ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു....

പട്ടികജാതി കുടുംബങ്ങളുടെ പുനരധിവാസത്തിനായി പണം നല്‍കി വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞിട്ടും ജിസിഡിഎ ഭൂമി കൊച്ചി കോര്‍പറേഷന്‍ കൈമാറിയില്ല. 2014-15 വര്‍ഷത്തെ നിഷ്‌ക്രിയ ആസ്തികള്‍ സംബന്ധിച്ച ഓഡിറ്റിങ്ങിലാണ് പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കണ്ടെത്തിയത്. സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതാണ് ഭൂമി കൈമാറുന്നതിന് തടസ്സമായതെന്നും ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2007 08 കാലഘട്ടത്തിലെ വികേന്ദ്രീകൃതാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി ഫ്‌ലാറ്റ് നിര്‍മിക്കാന്‍ കൊച്ചി കോര്‍പറേഷന്‍ തീരുമാനിച്ചത്. ഭൂമിക്ക് 1.20 കോടിയും കെട്ടിടത്തിന് 2,39,60,000 രൂപയും അടങ്കല്‍ തുക വകയിരുത്തി പദ്ധതിയും തയ്യാറാക്കി. തോപ്പുംപടി വില്ലേജില്‍പെട്ട ജിസിഡിഎ യുടെ 1.45 ഏക്കര്‍ ഭൂമി ഇതിനായി കണ്ടെത്തുകയും ചെയ്തു. ഇത് വാങ്ങാനായി തദ്ദേശസ്വയംഭരണവകുപ്പ് അനുമതിയും ലഭിച്ചു.

സെന്റിന് 80,000 രൂപ നിരക്കില്‍ 1.16 കോടി രൂപ ജിസിഡിഎക്ക് 2008 മാര്‍ച്ച് 9 ന് കൈമാറുകയും ചെയ്തു. എന്നാല്‍ ഈ തുക കുറവാണെന്നും വില പുതുക്കി നിശ്ചയിക്കണമെന്നും ജിസിഡിഎ ആവശ്യപ്പെട്ടതിനനുസരിച്ച് വില സെന്റിന് 1.40 ലക്ഷമാക്കി ജില്ലാകളക്ടര്‍ ഉയര്‍ത്തി. ഇതനുസരിച്ച് ശേഷിക്കുന്ന 87 ലക്ഷം രൂപ 2012 ഒക്ടോബര്‍ 10 ന് കോര്‍പറേഷന്‍ ജിസിഡിഎക്ക് നല്‍കി. ഭൂമിയുടെ മൊത്തം വിലയായ 2 കോടി 3 ലക്ഷം രൂപ ജിസിഡിഎയ്ക്ക് കൈമാറി നാല് വര്‍ഷം പിന്നിട്ടെങ്കിലും ഇതുവരേയും പക്ഷെ സ്ഥലം കോര്‍പറേഷന് കൈമാറിയില്ല.

ഭൂമി കൈമാറാന്‍ സര്‍ക്കാര്‍ ജിസിഡിഎക്ക് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് കൈമാറ്റം വൈകുന്നതെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. പട്ടികജാതി പുനരധിവാസമായതിനാല്‍ അടിയന്തരപ്രാധാന്യം കണക്കിലെടുത്ത് നടപടി സ്വീകരിക്കണമെന്നും ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. പദ്ധതി നടത്തിപ്പ് വര്‍ഷങ്ങള്‍ വൈകുന്നത് പദ്ധതിയുടെ ചിലവും വര്‍ദ്ധിപ്പിക്കും.