LiveTV

Live

Kerala

ആലത്തൂര്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

ആലത്തൂര്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു
Summary
1964 ലെ അന്യം നില്‍പ്പും കണ്ടുകെട്ടലും നിയമത്തിലെ പത്താം വകുപ്പു പ്രകാരമാണ് ഭൂമി ഏറ്റെടുക്കാന്‍ നോട്ടിസ് പതിച്ചത്...

ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്ന വയനാട് കാട്ടിക്കുളത്തെ ആലത്തൂര്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. തോട്ടം ഏറ്റെടുക്കുമെന്നു കാണിച്ച് കഴിഞ്ഞ ദിവസമാണ് കലക്ടര്‍ നോട്ടിസ് ഇറക്കിയത്. ആക്ഷേപമുള്ളവര്‍ ആറുമാസത്തിനുള്ളില്‍ കാരണം കാണിയ്ക്കണമെന്നും നോട്ടിസില്‍ പറയുന്നു.

1964 ലെ അന്യം നില്‍പ്പും കണ്ടുകെട്ടലും നിയമത്തിലെ പത്താം വകുപ്പു പ്രകാരമാണ് ഭൂമി ഏറ്റെടുക്കാന്‍ നോട്ടിസ് പതിച്ചത്. ഡച്ച് പൗരന്‍ എഡ്വേര്‍ഡ് വാനിങ്കന്റെ ഉടമസ്ഥതയിലായിരുന്നു ആലത്തൂര്‍ എസ്‌റ്റേറ്റ്. 2013ല്‍ ഇദ്ദേഹം മരിച്ച ശേഷം വളര്‍ത്തു പുത്രനെന്ന് അവകാശപ്പെട്ടെത്തിയ മൈക്കിള്‍ ഫ്രോയിഡ് ഈശ്വരന്‍ എന്നയാള്‍ ഭൂമി കൈവശം വച്ചു വരികയായിരുന്നു. വാനിങ്കന് അനന്തരാവകാശികള്‍ ഇല്ലെന്നും കൈമാറ്റം നിയമപ്രകാരമല്ലെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി ആരംഭിച്ചത്.

തൃശിലേരി വില്ലേജിലെ ഒന്‍പത് സര്‍വെ നമ്പറുകളില്‍പ്പെട്ട 211.76 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷമാണ് സര്‍ക്കാര്‍ നോട്ടിസ് ഇറക്കിയത്. അവകാശികളില്ലാത്ത ആലത്തൂര്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകളും വ്യക്തികളും പല തവണ കോടതിയെ സമീപിച്ചിരുന്നു.