LiveTV

Live

Kerala

കൊച്ചിയില്‍ ടാങ്കര്‍ ലോറികള്‍ കുടിവെള്ള വിതരണം പുനരാരംഭിച്ചു

കൊച്ചിയില്‍ ടാങ്കര്‍ ലോറികള്‍ കുടിവെള്ള വിതരണം പുനരാരംഭിച്ചു
Summary
ലോറി ഉടമകളും ജല അതോറിറ്റി ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം

കൊച്ചിയില്‍ ടാങ്കര്‍ ലോറികള്‍ കുടിവെള്ള വിതരണം പുനരാരംഭിച്ചു. കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് നാനൂറോളം ടാങ്കര്‍ ലോറികള്‍ ജലവിതരണം നിര്‍ത്തിവെച്ചിരുന്നു. ലോറി ഉടമകളും ജല അതോറിറ്റി ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം.

കിണറുകളില്‍ നിന്ന് വെള്ളമെടുത്ത് വിതരണം ചെയ്യുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കുടിവെള്ള വിതരണം നിര്‍ത്തിവെക്കാന്‍ ടാങ്കര്‍ ലോറി ഉടമകള്‍ തീരുമാനിച്ചത്. ജില്ലയിലെ ജലക്ഷാമം മുന്നില്‍ കണ്ട് കിണറുകളില്‍ നിന്ന് വെള്ളമെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ കലക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ ഡ്രിങ്കിങ് വാട്ടര്‍ ടാങ്കര്‍ ലോറി ഓണേര്‍സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ കിണറുകളില്‍ നിന്ന് വെള്ളമെടുക്കുന്നതിന് ധാരണയായി. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം നടപ്പിലാക്കുന്നത് നാട്ടുകാര്‍ തടഞ്ഞതോടെ വെള്ളമെടുക്കേണ്ടതെന്ന് ടാങ്കര്‍ ലോറി ഉടമകളും തീരുമാനിച്ചു.

വാട്ടര്‍ അതോറിറ്റിയുടെ ജലശുദ്ധീകരണ പ്ലാന്റില്‍ നിന്ന് വെള്ളം നിറക്കാമെന്ന് അധികൃതര്‍ സമ്മതിച്ചിരുന്നെങ്കിലും ഒരു ടാങ്കര്‍ നിറക്കാന്‍ 20 മണിക്കൂര്‍ വരെ കാത്ത് നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. പെരിയാറിന് സമീപമുളള കിണറുകളില്‍ നിന്നും പാറമുടകളില്‍ നിന്നും വെള്ളമെടുത്ത് ഫില്‍ട്ടര്‍ ചെയ്ത് നല്‍കാനുള്ള സാഹചര്യവുമില്ലെന്നും ടാങ്കര്‍ ലോറി ഉടമകള്‍ അറിയിച്ചു.500ലധികം ടാങ്കര്‍ ലോറികളാണ് എറണാകുളം ജില്ലയില്‍ കുടിവെള്ള വിതരണം നടത്തുന്നത്.

ഉള്‍പ്രദേശങ്ങളിലെ ആളുകളും നഗരത്തിലെ ഫ്ലാറ്റുകളും റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും വെള്ളത്തിനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ടാങ്കറുകളെയാണ്. പ്രശ്നത്തിന് ഉടന്‍ പരിഹാരമായില്ലെങ്കില്‍ ജില്ലയിലെ കുടിവെള്ള ക്ഷാമം രൂക്ഷമാകും.