LiveTV

Live

Kerala

ആഴക്കടലിലെ വിസ്മയങ്ങളെ അടുത്തറിയാന്‍ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം

ആഴക്കടലിലെ വിസ്മയങ്ങളെ അടുത്തറിയാന്‍ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം
Summary
കൊച്ചി സിഎംഎഫ്ആര്‍ഐയില്‍ എക്സിബിഷന്‍

ആഴക്കടലിലെ വിസ്മയങ്ങളെ അടുത്തറിയാന്‍ അവസരമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം. എഴുപതാമത് സ്ഥാപക ദിനത്തിന്റെ ഭാഗമായാണ് സിഎംഎഫ്ആര്‍ഐ കൊച്ചി ആസ്ഥാനത്ത് ആഴക്കടലിനെ കുറിച്ചുള്ള എക്സിബിഷന്‍ സംഘടിപ്പിച്ചത്. കടലിനെ കുറിച്ചും മത്സ്യസമ്പത്തിനെകുറിച്ചും നടത്തിയ പരീക്ഷണങ്ങളേയും പഠനങ്ങളെയും പൊതു ജനങ്ങള്‍ക്ക് അടുത്തറിയാന്‍ അവസരം ഇതിലൂടെ ഉണ്ടായി.

സപ്തതി ആഘോഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന വേളയിലാണ് സിഎംഎഫ്ആര്‍ഐ വര്‍ഷങ്ങളുടെ പഠനത്തിലൂടെ കണ്ടെത്തിയ കടല്‍ രഹസ്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചത്. രണ്ടായിരത്തിലധികം മത്സ്യയിനങ്ങളും സമുദ്ര ജൈവവൈവിധ്യങ്ങളും അടങ്ങുന്ന നാഷണല്‍ മറൈന്‍ ബയോഡൈവേഴ്‌സിറ്റി മ്യൂസിയമാണ് പ്രധാന ആകര്‍ഷണം. കൂടാതെ, സമുദ്ര അലങ്കാരമത്സ്യങ്ങളുടെ അക്വോറിയം, ഹാച്ചറി, വിവിധയിനം ലബോറട്ടറികള്‍ തുടങ്ങിയവയും സന്ദര്‍ശകര്‍ക്കായി തുറന്നിടും. കടല്‍ജീവികളില്‍ നിന്നുള്ള ഔഷധ നിര്‍മ്മാണം, മത്സ്യങ്ങളുടെ വയസ്സ് നിര്‍ണ്ണയിക്കുന്ന പരീക്ഷണങ്ങള്‍ എന്നിവ നടക്കുന്ന ലാബുകളും സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അറിവ് നേടാനുള്ള അവസരമുണ്ട്.

ഡയറക്ടര്‍ സിഎംഎഫ്ആര്‍ഐ സപ്തതി ദിനാഘോഷത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഫെബ്രുവരി 18 ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം നിര്‍വഹിക്കും.