LiveTV

Live

Kerala

ഡിവൈഎഫ്‍വൈ ദേശീയ സമ്മേളനത്തിലെ പൊതുചര്‍ച്ച പൂര്‍ത്തിയായി

 ഡിവൈഎഫ്‍വൈ ദേശീയ സമ്മേളനത്തിലെ പൊതുചര്‍ച്ച പൂര്‍ത്തിയായി
Summary
ഉച്ചക്ക് ശേഷം സംഘടന പ്രമേയം അവതരിപ്പിക്കും.

ഡിവൈഎഫ്‍വൈ ദേശിയ സമ്മേളനത്തിലെ പൊതുചര്‍ച്ച പൂര്‍ത്തിയായി.കേരളത്തില്‍ ഇടത് യുവജന സംഘടനകളുടെ ഐക്യത്തിന് തടസം എഐവൈഎഫ് അടക്കമുള്ളവരുടെ പിന്തിരിപ്പന്‍ സമീപനമാണെന്ന് കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ കുറ്റപ്പെടുത്തി. യുവജന സമരങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ ശ്രമിക്കണമെന്നും പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ നേതാക്കള്‍ മാറ്റം വരുത്തണമെന്നും പ്രതിനിധികള്‍ പറഞ്ഞു. മുഴുവന്‍ സമയ പ്രവര്‍ത്തകരാവണം നേതാക്കളെന്നും യുവാക്കളുമായുള്ള ആശയവിനിമയം ശക്കതമാക്കാതെ സംഘടനയ്ക്ക് മുന്നോട്ട് പോകാനാവില്ലെന്നും പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ പൊതുചര്‍ച്ചയ്ക്ക് ദേശീയ സെക്രട്ടറി അവോയ് മുഖര്‍ജി മറുപടി നല്‍കുകയാണ്. ഉച്ചക്ക് ശേഷം സംഘടന പ്രമേയം അവതരിപ്പിക്കും.

കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് പൊതുചര്‍ച്ചയില്‍ ഉയര്‍ന്നത്. ജനറല്‍ സെക്രട്ടറിയുടെ മറുപടിക്കുശേഷം സംഘടനാപ്രമേയം അവതരിപ്പിക്കും. ഇതിന്‍മേലുള്ള ചര്‍ച്ചയും ഇന്ന് ആരംഭിക്കും. ഭരണഘടന ഭേദഗതിയുള്‍പ്പടെയുള്ളവയും ഈ സമ്മേളനത്തിലുണ്ട്. നാളെ ആണ് ഭരണഘടന ഭേദഗതി അവതരിപ്പിക്കുക. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഭരണഘടന ഭേദഗതിയിലൂടെ ഉയര്‍ത്താനാണ് സംഘടനയുടെ തീരുമാനം. ഒപ്പം തന്നെ നേതൃത്വത്തിന് പ്രായപരിധിയും നിശ്ചയിച്ചേക്കും. സംസ്ഥാന ചുമതലകളില്‍ നിന്ന് ഒഴിവാക്കി മുഴുവന്‍ സമയ പ്രവര്‍ത്തനം നടത്തുന്നവരെ മാത്രം കേന്ദ്രനേതൃത്വത്തിലെത്തിക്കാനുമാണ് ഭരണഘടന ഭേദഗതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സമാപന ദിവസമായ നാളെ നടക്കും. കേരളത്തില്‍ നിന്നുള്ള മുഹമ്മദ് റിയാസ് പുതിയ സെക്രട്ടറിയായും മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രീതി ശേഖര്‍ പുതിയ പ്രസിഡന്‍റുമാകുമെന്നാണ് സൂചന.