LiveTV

Live

Kerala

മതമൌലികവാദവും വിപണി മൌലികവാദവും രാജ്യത്ത് പരസ്പര സഹകരണത്തിലെന്ന് പി സായ‍്നാഥ്

മതമൌലികവാദവും വിപണി മൌലികവാദവും രാജ്യത്ത് പരസ്പര സഹകരണത്തിലെന്ന് പി സായ‍്നാഥ്
Summary
വിപണി മൌലികവാദത്തിന്റെ കാലത്ത് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ സത്യം മറച്ചുവെക്കുകയാണെന്നും സായ്‍നാഥ്

വികസനം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന ധാരണകള്‍ പുരോഗമന ശക്തികള്‍ പുനഃപ്പരിശോധിക്കണമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി സായ്‍നാഥ്. വിപണി മൌലികവാദത്തിന്റെ കാലത്ത് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ സത്യം മറച്ചുവെക്കുകയാണെന്നും സായ്‍നാഥ് കുറ്റപ്പെടുത്തി. ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആഗോളവത്കരണത്തിന്റെ കാല്‍ നൂറ്റാണ്ട്- അനുഭവവും പ്രതിരോധവും എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതമൌലികവാദവും വിപണി മൌലികവാദവും പരസ്പരം സഹകരിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് പി സായ്നാഥ് പറ‍ഞ്ഞു. നോട്ട് നിരോധത്തില്‍ പല സാമ്പത്തിക വിദഗ്ധരുടെയും നിലപാട് ഇതാണ് സൂചിപ്പിക്കുന്നത്. ഓരോ ദിവസം കഴിയും തോറും ഇന്ത്യയില്‍ അസമത്വം വര്‍ധിച്ച് വരികയാണെന്നും സായ്നാഥ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ലോകത്ത് ഒരു രാജ്യത്തും ഇന്ത്യയിലേത് പോലുള്ള അസമത്വം വര്‍ധിച്ചിട്ടില്ല. രാജ്യത്തെ മാധ്യമങ്ങള്‍ കോര്‍പ്പറേറ്റുകളുടെ പിടിയിലാണെന്നും സായ്നാഥ് വിമര്‍ശിച്ചു. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് സത്യം പറയാന്‍ കഴിയാത്തത്? രാജ്യത്തെ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ഉടമകളാണ് രാജ്യത്തെ ഏറ്റവും വലിയ മുതലാളിമാര്‍ രാഷ്ട്രീയത്തില്‍ മൂന്നും നാലും ഇടങ്ങള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കണമെന്നും സായ്നാഥ് പറ‍ഞ്ഞു.