LiveTV

Live

Kerala

നിലമ്പൂര്‍ വനത്തിനുള്ളില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് രണ്ട് മാവോയിസ്റ്റുകളെന്ന് തൃശൂര്‍ റേഞ്ച് ഐജി

Summary
കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിലമ്പൂരിലെ ഏറ്റുമുട്ടല്‍ നടന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്റ.


നിലമ്പൂര്‍ കരുളായി പടുക്ക വനത്തില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്ന് തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍ പത്മകുമാര്‍ അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ നാളെ വ്യക്തമാക്കുമെന്നും റേഞ്ച് ഐജി അറിയിച്ചു.

കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിലമ്പൂരിലെ ഏറ്റുമുട്ടല്‍ നടന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്റ. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ന് വെളിപ്പെടുത്തില്ലെന്നും കേരള പൊലീസ് നല്ലരീതിയില്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഏറ്റുമുട്ടലെന്നും ലോക്‍നാഥ് ബെഹ്റയും പറഞ്ഞു.

കേരള, തമിഴ്‍നാട്, കര്‍ണാടക അതിര്‍ത്തികളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് കൊലപ്പെട്ടതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ സീനിയര്‍ സെക്യൂരിറ്റി അഡ്വൈസര്‍ കെ വിജയകുമാറും പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിടാന്‍ പോലീസ് തയ്യാറായില്ല. സിപിഐ മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മറ്റി അംഗം കുപ്പു ദേവരാജ്, അജിത എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. മറ്റൊരു മാവോയിസ്റ്റിനും പോലീസ് വെടിവെപ്പില്‍ പരിക്കേറ്റതായും ഇയാള്‍ പോലീസ് കസ്റ്റഡിയിലായതായും വിവരമുണ്ട്. വനത്തിനുള്ളില്‍ ഉണ്ടായിരുന്നത് 15 അംഗ മാവോയിസ്റ്റ് സംഘമായിരുന്നുവെന്നും ഏഴ് പേരാണ് നേരിട്ട് ഏറ്റുമുട്ടിയതെന്നുമാണ് പോലീസിന്റെ അനൌദ്യോഗിക വിശദീകരണം. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം നാളെ പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും. വനത്തില്‍ രാത്രിയും മാവോയിസ്റ്റുകള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ് .

നേരത്തെ മൂന്ന് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു വാര്‍ത്തകള്‍. മാവോയിസ്റ്റുകള്‍ നിലമ്പൂര്‍ വനമേഖലയില്‍ സ്ഥിരം കാംപ് ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോലീസും തണ്ടര്‍ ബോള്‍ട്ടും തിരച്ചില്‍ സജീവമാക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച തിരച്ചിലിന് ഇടയില്‍ ഉച്ചയോടെ പോലീസും മവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ് ഉണ്ടായി. ഈ ഏറ്റുമുട്ടലിന് ഇടയിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട വിവരം വനം വകുപ്പും സ്ഥിരീകരിച്ചു.

പോലീസ് വ്യത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഏഴ് പേര് അടങ്ങിയ മാവോയിസ്റ്റ് സംഘമാണ് സംഘമാണ് പോലീസുമായി നേരിട്ട് ഏറ്റ്മുട്ടിയത്. കൂടുതല്‍ മാവോയിസ്റ്റുകള്‍ വനമേഖലയില്‍ ഉണ്ടായിരുന്നതായും വിവരം ഉണ്ട്. ഈ സാഹചര്യത്തില്‍ കരുളായി വനമേഖലയാകെ പോലീസ് തിരിച്ചില്‍ നടത്തുകയാണ്. ഇതിനായി കൂടുതല്‍ സേനയേയും സ്ഥലത്തേക്ക് എത്തിച്ചു. ഐജിയും എസ്പിയുമടക്കുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് കാംപ് ചെയ്യുന്നുണ്ട്.