LiveTV

Live

Kerala

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മാറ്റിയ ഗള്‍ഫ് കുടിയേറ്റം

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മാറ്റിയ ഗള്‍ഫ് കുടിയേറ്റം
Summary
സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയുടെ നട്ടെല്ലും പ്രവാസികളുടെ പണമാണ്.

കേരളത്തിന്റെ സാമൂഹികസാമ്പത്തിക മേഖലയില്‍ വലിയ മാറ്റമുണ്ടായത് ഗള്‍ഫ് കുടിയേറ്റത്തോടെയാണ്. തൊഴിലില്ലായ്മ ഒരു പരിധി വരെ മാറ്റുകയും സാമ്പത്തികമായി ജനങ്ങളെ സ്ഥിരതയുള്ളവരുമാക്കാന്‍ ഗള്‍ഫ് കുടിയേറ്റത്തിന് കഴിഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയുടെ നട്ടെല്ലും പ്രവാസികളുടെ പണമാണ്.

1970കളുടെ തുടക്കത്തോടെയാണ് കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള വ്യാപക കുടിയേറ്റം തുടങ്ങിയത്. അതിസാഹസികമായായിരുന്നു ആദ്യകാല പ്രവാസികളുടെ ഗള്‍ഫ് യാത്ര. ഗള്‍ഫിലെ തൊഴിലവസരങ്ങളും അതുവഴി കേരളത്തിലേക്കെത്തിയെ പണവുമാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മയും
ദാരിദ്ര്യവും ഒരു പരിധിവരെ കുറച്ച് കൊണ്ടു വന്നത്. ഇന്ന് സര്ക്കാരിന്റെ കണക്ക് പ്രകാരം 16 ലക്ഷത്തിലേറെപ്പേര്‍ ഗള്‍ഫില്‍ തൊഴിലെടുക്കുന്നുണ്ട്.

സംസ്ഥാനത്തിന്റെ സാമൂഹ്യസാമ്പത്തിക സാംസ്‌കാരിക മേഖലകളിലെല്ലാം ഗള്‍ഫ് കുടിയേറ്റത്തിന്റെ സ്വാധീനം കാണാം. കഴിഞ്ഞ വര്‍ഷം മാത്രം 1,09,603 കോടിയുടെ പ്രവാസി നിക്ഷേപമാണ് സംസ്ഥാനത്തേക്കൊഴുകിയത്. സാമൂഹ്യവിദ്യാഭ്യാസ പുരോഗതിയിലും ഗള്‍ഫ് കുടിയേറ്റം സമാനതകളില്ലാത്ത പങ്കു വഹിച്ചു. ഗള്‍ഫ് പണത്തിന്റെ വരവോടെയാണ് വിദ്യാഭ്യാസ രംഗത്തെ പ്രാദേശികസാമുദായിക അസന്തുലിതാവസ്ഥ കുറച്ചു കൊണ്ടു വരാനായത്.

മലയാളമാധ്യമങ്ങളുടെ വളര്‍ച്ചയിലും വികാസത്തിലും ഗള്‍ഫ് കുടിയേറ്റത്തിന്റെ കയ്യൊപ്പ് കാണാം. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഗള്‍ഫ് പ്രവാസികളുടെ സേവനം വിസ്മരിക്കാനാകില്ല. ഐക്യകേരളത്തിന്റെ വജ്രജൂബിലി ആഘോഷിക്കുമ്പോള്‍ അരനൂറ്റാണ്ടോളം കേരളത്തിന്റെ സാമൂഹ്യജീവിതത്തിന്റെ ഗതി നിര്‍ണയിച്ച ഗള്‍ഫ് കുടിയേറ്റം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയും കാണാതിരിക്കാനാകില്ല.