സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ശ്രദ്ധാകേന്ദ്രമായി ഛത്തീസ്ഗഡിലെ മലയാളി മേയര്‍
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് അവസാന ദിവസത്തിലേക്ക് കടക്കുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകുകയാണ് ഛത്തീസ്ഗഡില്‍ നിന്നുള്ള മലയാളി മേയര്‍. ഛത്തീസ്ഗഡിലെ കിരന്തൂര് ബൈലാഡിയ കോര്പറേഷന് മേയറാണ് കൊല്ലം അഞ്ചാലുംമൂട് സ്വദേശിനി രാജിമോള്‍. 13 വര്‍ഷം മുമ്പാണ് രാജി ഛത്തീസ്ഗഡിലെത്തുന്നത്. സമ്മേളന പ്രതിനിധികളായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മലയാളി നേതാക്കള്‍ എത്താറുണ്ടെങ്കിലും ആദ്യമായായിരിക്കും ഇതരസംസ്ഥാനത്തുനിന്ന് ഒരു മലയാളി മേയര്‍ പ്രതിനിധിയായെത്തുന്നത്. അഞ്ചാലുംമൂട് സ്വദേശിനി എങ്ങനെ ഛത്തീസ്ഗഡ് മേയറായെന്ന് കരുതുന്നവരുണ്ടാകും.
കൊല്ലത്ത് സജീവ എഐഎസ്എഫ് പ്രവര്‍ത്തകയായിരുന്ന രാജിമോള്‍ വിവാഹശേഷം മണ്‍റോത്തുരുത്ത് സ്വദേശിയായ ഭര്‍ത്താവ് അനിലിനൊപ്പമാണ് ഛത്തീസ്ഗഡിലെത്തുന്നത്. പ്രാദേശിക പാര്‍ട്ടി നേതാവുകൂടിയായ ഭര്‍ത്താവിനൊപ്പം രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചു. 2015ല്‍ മേയര്‍ സ്ഥാനം വനിത സംവരണമായതോടെ രാജിമോള്‍ മത്സര രംഗത്തേക്കെത്തി. വാര്‍ഡിലേക്കും മേയര്‍ സ്ഥാനത്തേക്കും വെവ്വേറെയാണ് വോട്ടെടുപ്പ്. 18 പേര് മത്സരിച്ചപ്പോള്‍ 1760 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജിമോള്‍ വിജയിച്ചത്. വോട്ടര്‍മാരില്‍ അധികവും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. ഖനനമേഖലയായതിനാല് തൊഴിലാളി സംഘടനകളുടെ ഇടയിലും സിപിഐക്ക് ചെറുതല്ലാത്ത സ്വാധീനം ഉണ്ട്. ഛത്തീസ്ഗഡില്‍ മഹിളാസംഘടനയിലും സജീവസാനിധ്യമാണ് രാജിമോള്‍.