LiveTV

Live

Kerala

പരിശോധന ശക്തമായതോടെ ഇതര സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തി വില്‍പ്പനക്ക് നീക്കം

പരിശോധന ശക്തമായതോടെ ഇതര സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തി വില്‍പ്പനക്ക് നീക്കം
Summary
പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ ശക്തമാക്കിയതോടെ ഇതര സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തുകയാണ് ഉടമകള്‍.

പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ ശക്തമാക്കിയതോടെ ഇതര സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തുകയാണ് ഉടമകള്‍. മറ്റ് സംസ്ഥാനങ്ങളില്‍ വെച്ച് വാഹനം വില്‍പ്പന നടത്തി നിയമ നടപടികള്‍ ഒഴിവാക്കാനാണ് വാഹന ഉടമകളുടെ ശ്രമം. ഇതിനിടെ നികുതി വെട്ടിപ്പ് നടത്തിയ നാല് ആഡംബര കാറുകള്‍ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി.

പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള വാഹനങ്ങളുടെ ഉടമകള്‍ക്ക് നികുതി കെട്ടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. നിര്‍ദേശം അവഗണിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്. പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള ആയിരത്തി അഞ്ഞൂറോളം ആഡംബര വാഹനങ്ങള്‍ സംസ്ഥാനത്ത് ഓടുന്നതായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇവയിലേറെയും. കോഴിക്കോട് ജില്ലയില്‍ ഇതിനോടകം 12 ആഡംബര കാറുകളുടെ നികുതി പിഴയായി ഈടാക്കി. ഇത് വഴി ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് ലഭിച്ചത്.

കേരളത്തില്‍ പരിശോധനകള്‍ ശക്തമായതോടെയാണ് ഇതര സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തി അവിടെ വെച്ച് വില്‍പ്പന നടത്താനുള്ള നീക്കം നടക്കുന്നത്. ഇത്തരം വില്‍പ്പന കേന്ദ്രങ്ങളിലും പരിശോധനകള്‍ നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം.