LiveTV

Live

Kerala

നീലക്കുറിഞ്ഞിയില്‍ മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും

നീലക്കുറിഞ്ഞിയില്‍ മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും
Summary
മന്ത്രിമാരുടെ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളില്‍ അന്തിമ തീരുമാനമെടുക്കാനാണ് ഉന്നത ഉദ്യോഗസ്ഥത തല യോഗം

നിർദ്ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല യോഗം വിളിക്കാന്‍ തീരുമാനം. ഉദ്യാന മേഖല സന്ദർശിച്ച മന്ത്രിമാര്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ തുടര്‍നടപടികളുടെ ഭാഗമായാണ് യോഗം വിളിക്കുന്നത്. ഉദ്യാന വിസ്തൃതി കുറയാതെയും കര്‍ഷകര്‍ക്ക് ദ്രോഹമാകാതെയും പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമം. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തതോടെയാണ് റവന്യു, വനം, വൈദ്യുതി മന്ത്രിമാര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിന് ശേഷം മന്ത്രിമാര്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഇന്ന് മൂന്ന് മന്ത്രിമാരുമായും മുഖ്യമന്ത്രി ചർച്ച നടത്തി.

മന്ത്രിമാരുടെ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളില്‍ അന്തിമ തീരുമാനമെടുക്കാനാണ് ഉന്നത ഉദ്യോഗസ്ഥത തല യോഗം. ഇടുക്കി ജില്ലാ കളക്ടര്‍, ദേവികുളം സബ് കളക്ടർ, റവന്യു അഡിഷണല്‍ ചീഫ് സെക്രട്ടറി, വനം സെക്രട്ടറി തുടങ്ങിയവര്‍ മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

തീയതി നിശ്ചയിച്ചിട്ടില്ല. തലമുറകളായി പദ്ധതി പ്രദേശത്ത് താമസിക്കുന്ന മറ്റിടങ്ങളില്‍ ഭൂമിയില്ലാത്ത കര്‍ഷകരെ കുടിയിറക്കരുതെന്നാണ് മന്ത്രിമാര്‍ നല്‍കിയ റിപ്പോ‍ര്‍ട്ടിലെ ശിപാര്‍ശ. ഇതിനായി സെറ്റില്‍മെന്റ് ഓഫീസറെക്കൊണ്ട് സോഷ്യല്‍ സര്‍വേ നടത്തണം. കര്‍ഷകരെ ഒഴിപ്പിക്കുന്നെങ്കില്‍ പുനരധിവാസം ഉറപ്പുവരുത്തണം. കര്‍ഷകരുടെ ഭൂമി ഒഴിവാക്കുന്പോള്‍ ഉദ്യാന വിസ്തൃതി കുറയുമെങ്കില്‍ പകരം മറ്റ് ബ്ലോക്കുകളില്‍ നിന്ന് പദ്ധതിക്കായി ഭൂമി കണ്ടെത്തണമെന്നുമാണ് റവന്യു വകുപ്പിന്റെ നിലപാട്.