LiveTV

Live

Kerala

തൃത്താലയില്‍ പാടം നികത്തി പ്ലാന്റ് പണിയുന്നതിന് ജില്ലാ കലക്ടറുടെ ഒത്താശയെന്ന് ആരോപണം

തൃത്താലയില്‍ പാടം നികത്തി പ്ലാന്റ് പണിയുന്നതിന്  ജില്ലാ കലക്ടറുടെ ഒത്താശയെന്ന് ആരോപണം
Summary
വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും പ്ലാന്റ് ഉടമ നികത്തിയ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്

പാലക്കാട് തൃത്താലയില്‍ പാടം നികത്തി പ്ലാന്റ് പണിയുന്നതിന് സ്വകാര്യ വ്യക്തിക്ക് ജില്ലാ കലക്ടറുടെ ഒത്താശയെന്ന് ആരോപണം. വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും പ്ലാന്റ് ഉടമ നികത്തിയ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും പ്ലാന്റ് ഉടമക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും റവന്യൂ കൃഷി മന്ത്രിമാര്‍ നിര്‍ദേശം നല്‍കിയിട്ടും നടപടിയെടുക്കാതെ നില്‍ക്കുകയാണ് ജില്ലാ കലക്ടര്‍.

തൃത്താല വില്ലേജിലെ കോടനാടെന്ന പ്രദേശത്ത് സ്വകാര്യ വ്യക്തിയായ ഹമീദ് ഖാന്റെ ഉടമസ്ഥതയിലുള്ള ടാര്‍ മിക്സിംഗ് പ്ലാന്റാണിത്. കഴിഞ്ഞ ആറ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ പ്ലാന്റിന് പകരമായി നിര്‍മ്മിച്ച പുതിയ പ്ലാന്റിന്റെ ദൃശ്യങ്ങളും ഇവിടെ കാണാം. ഈ പുതിയ പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്, സര്‍വ്വേ നമ്പര്‍ 214ലെ 1 2 3 ഉപ നമ്പറുകളില്‍ പെട്ട ഒന്നര ഏക്കറോളം വയല്‍ പാടത്താണ്. ഇക്കാര്യം സ്ഥലം സന്ദര്‍ശിച്ച വില്ലേജ് ഓഫീസര്‍ക്ക് കണ്ടെത്തകുയും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു.

ഭൂമി പാടമല്ലെന്നും, കണ്‍വേര്‍ട്ടഡ് ലാന്റാണെന്നുമാണ് ഉടമയായ ഹമീദ് ഖാന്റെ വാദം. എന്നാല്‍ ബിടിആറിലെയും ഡാറ്റാ ബാങ്കിലെയും വിവരങ്ങള്‍ പ്രകാരം, പുതിയ പ്ലാന്റ് നില്‍ക്കുന്ന ഒന്നര ഏക്കര്‍ മാത്രമല്ല, പഴയ പ്ലാന്റ് പ്രവര്‍ത്തിക്കുന്ന സര്‍വ്വേ നമ്പര്‍ 215 ലുള്ള നാലര ഏക്കര്‍ ഭൂമിയും വയലാണെന്ന് വില്ലേജ് ഓഫീസര്‍ പറയുന്നു. ഈ ഭൂമിക്കായി പുതിയ സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഷയം വിടി ബല്‍റാം എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലം നേരിട്ട് സന്ദര്‍ശിക്കാനും പ്ലാന്റ് ഉടമക്കെതിരെ 2008ലെ വയല്‍-തണ്ണീര്‍ത്തട പരിപാലന നിയമപ്രകാരം കേസെടുക്കാന്‍ ഉത്തരവിടണമെന്നും നിര്‍ദേശിച്ച് റവന്യൂ-കൃഷി മന്ത്രിമാര്‍ ജില്ലാ കലക്ടര്‍ സുരേഷ് ബാബുവിന് കത്ത് നല്‍കി. ഒരാഴ്ച കഴിഞ്ഞു, കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചില്ല. മണ്ണിട്ട് മൂടിയ വയലില്‍ പുതിയ പ്ലാന്റിന്റ നിര്‍മ്മാണവും പഴയ പ്ലാന്റിന്റെ പ്രവര്‍ത്തനവും തകൃതിയായി തുടരുന്നു.