LiveTV

Live

Kerala

ശമ്പള വര്‍ധനവിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷനേതാവും സ്പീക്കറും

ശമ്പള വര്‍ധനവിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷനേതാവും സ്പീക്കറും
Summary
ഒരു ലക്ഷം പെന്‍ഷന്‍ വാങ്ങുന്നവരാണ് മാധ്യമങ്ങളിലിരുന്ന് ശമ്പളവര്‍ധനവിനെ കുറ്റം പറയുന്നതെന്നും പാര്‍ലമെന്ററി കാര്യമന്ത്രി എകെ ബാലന്‍

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ സ്വത്ത് ഭരണ പ്രതിപക്ഷാംഗങ്ങള്‍ വീതിച്ചെടുക്കുന്നുവെന്ന തരത്തില്‍ തെറ്റായ പ്രചരണം നടക്കുന്നുവെന്നും, ഒരു ലക്ഷം പെന്‍ഷന്‍ വാങ്ങുന്നവരാണ് മാധ്യമങ്ങളിലിരുന്ന് ശമ്പളവര്‍ധനവിനെ കുറ്റം പറയുന്നതെന്നും പാര്‍ലമെന്ററി കാര്യമന്ത്രി എകെ ബാലന്‍ പറഞ്ഞു. ശമ്പള വര്‍ധനവിനെ പ്രതിപക്ഷനേതാവും സ്പീക്കറും സ്വാഗതം ചെയ്തു.

മന്ത്രിമാരുടെ ശമ്പളം 55,012 രൂപയില്‍ നിന്ന് 90,367 ആയും, എംഎല്‍എമാരുടേത് 39,500 ല്‍ നിന്ന് 70,000 രൂപയായും ഉയര്‍ത്താനുള്ള ബില്‍ അവതരിപ്പിച്ച് സംസാരിച്ചപ്പോഴാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മന്ത്രി എകെ ബാലന്‍ രംഗത്ത് വന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ജെയിംസ് കമ്മീഷന്‍ ശുപാര്‍ശയിലും കുറവ് മാത്രമാണ് വര്‍ധിപ്പിക്കുന്നത്, എന്നിട്ടും വര്‍ധവിനെതിരെ തെറ്റിദ്ധാരണജനകമായ പ്രചരണം നടക്കുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു.

ജനപ്രതിനിധികളുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നത് പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ്. ചെന്നിത്തല അഭിപ്രായപ്പെട്ടു. ജനപ്രതിനിധികള്‍ ദുഃസ്വാധീനത്തിലേക്ക് നയിക്കാതിരിക്കാന്‍ ശമ്പള വര്‍ധനവ് ഉപകരിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

മുന്‍ എംഎല്‍എമാരുടെ പരമാവധി പെന്‍ഷന്‍ 35000 ത്തില്‍ നിന്ന് 50000 രൂപയാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ബില്ലും സഭയില്‍ അവതരിപ്പിച്ചു. രണ്ട് ബില്ലുകളും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു.