LiveTV

Live

Kerala

പിഎഫ് വിഹിതം തിരിച്ച് കിട്ടാതെ കണ്‍സ്യൂമര്‍ ഫെഡ് മുന്‍ തൊഴിലാളികള്‍

പിഎഫ് വിഹിതം തിരിച്ച് കിട്ടാതെ കണ്‍സ്യൂമര്‍ ഫെഡ് മുന്‍ തൊഴിലാളികള്‍
Summary
2012 മുതല്‍ 2016 വരെ കണ്‍സ്യൂമര്‍ ഫെഡില്‍ ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാരെയാണ് സ്ഥാപനത്തിന്റെ നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് കണ്‍സ്യൂമര്‍ ഫെഡ് ഭരണ സമിതി പിരിച്ച് വിട്ടത്.

പിഎഫ് വിഹിതം എങ്ങനെ തിരിച്ച് കിട്ടുമെന്നറിയാതെ വലയുകയാണ് കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് പിരിച്ച് വിടപ്പെട്ട താല്‍ക്കാലിക ജീവനക്കാര്‍. അടച്ച പണം തിരിച്ച് ചോദിക്കുമ്പോള്‍ ഇവര്‍ക്ക് മുന്നില്‍ കൈമലര്‍ത്തുകയാണ് കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍.

2012 മുതല്‍ 2016 വരെ കണ്‍സ്യൂമര്‍ ഫെഡില്‍ ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാരെയാണ് സ്ഥാപനത്തിന്റെ നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് കണ്‍സ്യൂമര്‍ ഫെഡ് ഭരണ സമിതി പിരിച്ച് വിട്ടത്. കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലെ വിദേശ മദ്യശാലകളിലും നന്‍മ, ത്രിവേണി സ്റ്റോറുകളിലും ജോലി ചെയ്തിരുന്നവരായിരുന്നു ഇവര്‍. പിഎഫ് വിഹിതമായി ഇവരില്‍ നിന്ന് മാസം എണ്ണൂറ്റി അന്‍പത് രൂപയാണ് സ്ഥാപനം പിടിച്ചത്. തത്തുല്യമായ തുക കണ്‍സ്യൂമര്‍ ഫെഡും അടക്കുന്നുണ്ടെന്നായിരുന്നു ജീവനക്കാരെ അറിയിച്ചത്. എന്നാല്‍ പിരിച്ച് വിട്ട ശേഷം പിഎഫ് തുക തിരിച്ചെടുക്കാന്‍ പ്രോവിഡന്റ് ഓഫീസിലെത്തിയപ്പോഴാണ് കണ്‍സ്യൂമര്‍ ഫെഡ് പണമടച്ചില്ലെന്ന് മനസ്സിലായത്.

കണ്‍സ്യൂമര്‍ ഫെഡുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകളില്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ തങ്ങള്‍ പെടില്ലെന്ന മറുപടിയാണ് കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ നല്‍കുന്നത്. കണ്‍സ്യൂമര്‍ ഫെഡ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെടുമെന്നും വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോള്‍ വ്യക്തമാക്കിയിരുന്നു.