LiveTV

Live

Kerala

കീഴാറ്റൂരില്‍ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി; സിപിഎം പ്രവര്‍ത്തകര്‍ സമര പന്തല്‍ കത്തിച്ചു

കീഴാറ്റൂരില്‍ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി; സിപിഎം പ്രവര്‍ത്തകര്‍ സമര പന്തല്‍ കത്തിച്ചു
Summary
കണ്ണൂര്‍ കീഴാറ്റൂരില്‍ ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളികളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

കണ്ണൂര്‍ കീഴാറ്റൂരില്‍ ദേശീയപാത സര്‍വെക്കെത്തിയ ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ച വയല്‍ക്കിളി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ പ്രതിരോധിക്കാന്‍ വയല്‍ക്കിളി നേതാക്കള്‍ ദേഹത്ത് ഡീസല്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. സമര സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതോടെ ഇവരുടെ സമര പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിച്ചു.

സര്‍വ്വെ നടപടികള്‍ക്കെത്തുന്ന ദേശീയപാത ഉദ്യോഗസ്ഥരെ തടയുമെന്ന് പ്രഖ്യാപിച്ച് രാവിലെ ഒന്‍പത് മണിയോടെയാണ് വയല്‍ക്കിളി പ്രവര്‍ത്തകര്‍ വയലില്‍ സമരം ആരംഭിച്ചത്. ഇതിനിടെ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസിന് കലക്ടറുടെ നിര്‍ദേശം ലഭിച്ചു. എന്നാല്‍ പൊലീസ് വയലില്‍ ഇറങ്ങിയ ഉടന്‍ വയല്‍ക്കിളി നേതാക്കളായ സുരേഷ്, മനോഹരന്‍ എന്നിവര്‍ ദേഹത്ത് ഡീസലൊഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി. നമ്പ്രാടത്ത് ജാനകി അടക്കമുളള സ്ത്രീകളും ഡീസല്‍ നിറച്ച് കുപ്പികളുമായി പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു.

ഇതോടെ പൊലീസ് അറസ്റ്റ് നടപടികളില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് പൊരിവെയിലിനെ പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സമരക്കാര്‍ അഞ്ച് മണിക്കൂറോളം വയലില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. ഇതിനിടെ വയലിന്‍റെ മറുകരയില്‍ സിപിഎം പ്രവര്‍ത്തകരും സംഘടിച്ചു. രണ്ട് മണിയോടെ സര്‍വ്വെ നടപടികള്‍ക്കായി ഉദ്യോഗസ്ഥരെത്തി. ഇവരെ തടയാന്‍ ശ്രമിച്ച സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

18 സ്ത്രീകളടക്കം അറസ്റ്റിലായ 49 പേരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെ വയല്‍ക്കിളികളുടെ സമര പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ക്കുകയും തുടര്‍ന്ന് അഗ്നിക്കിരയാക്കുകയും ചെയ്തു. പൊലീസിന്‍റെ കണ്‍മുന്നില്‍ വെച്ചായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ അക്രമം.