LiveTV

Live

Kerala

ഓഖി ദുരന്തം; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ഓഖി ദുരന്തം; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
Summary
ജനുവരി 22ന് ശേഷം മറവ് ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം

ഓഖി ചുഴലിക്കാറ്റില്‍പെട്ട് മരിച്ചവരില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ജനുവരി 22 വരെ ഈ മൃതദേഹങ്ങള്‍ സൂക്ഷിക്കും. കാണാതായവരുടെ ബന്ധുക്കള്‍ ജനുവരി 15ന് മുമ്പ് ഡി എന്‍ എ പരിശോധനക്ക് തയ്യാറാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഓഖി ദുരന്തത്തിനിരയായവരില്‍ 34 പേരുടെ മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയാനാകാതെ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിട്ടുള്ളത്. ഡി എന്‍ എ പരിശോധന മാത്രമാണ് തിരിച്ചറിയാനുള്ള ഏക വഴി. എന്നാല്‍ പലതവണ അറിയിച്ചിട്ടും കാണാതായവരുടെ ബന്ധുക്കള്‍ ഡി എന്‍ എ ടെസ്റ്റിന് സന്നദ്ധമായിട്ടില്ല. 200 ോളം പേരെ കണ്ടെത്താനുമുണ്ട്. ഇതിനകം തന്നെ ജീര്‍ണിച്ച നിലയിലുള്ള മൃതദേഹങ്ങള്‍ ഇനിയും സൂക്ഷിക്കാനാകില്ലെന്ന് ആശുപത്രി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ച സാഹചര്യത്തിലാണ് ഡി എന്‍ എ പരിശോധനക്ക് സര്‍ക്കാര്‍ അവസാന തീയതി പ്രഖ്യാപിച്ചത്.

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജിയിലാണ് ഡി എന്‍ എ ടെസ്റ്റ് നടത്തുക. കാണാതായവരുടെ ബന്ധുക്കള്‍ ജനുവരി 15നകം ഇവിടെയെത്തി പരിശോധനക്ക് തയ്യാറാകണം. ജനുവരി 22നകം ഡി എന്‍ എ ഒത്തുനോക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കും. ഡി എന്‍ എ ചേരുന്ന മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അല്ലാത്തവ നിയമപ്രകാരം മറവുചെയ്യുമെന്നും സംസ്ഥാന ദുരിതാശ്വാസ കമ്മിഷണര്‍ അറിയിച്ചു.