LiveTV

Live

Kerala

തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം വെട്ടിച്ചുരുക്കി ഓര്‍ഡിനന്‍സ്

തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം വെട്ടിച്ചുരുക്കി ഓര്‍ഡിനന്‍സ്
Summary
നോക്കു കൂലി ഇല്ലാതാക്കുക, വ്യവസായ-വാണിജ്യസ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സ് ഉദാരമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്

തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കി ഓര്‍ഡിനന്‍സ്. വ്യവസായ-വാണിജ്യസ്ഥാപനങ്ങള്‍ക്കുള്ള അനുമതി നല്‍കുന്നത് എളുപ്പമാക്കിക്കൊണ്ടുള്ള നിയമഭേദഗതിക്കാണ് ഓര്‍ഡിനന്‍സ്. അനുമതി നല്‍കുന്നതിനുള്ള അധികാരം ഭരണസമിതിയില്‍ നിന്നെടുത്തുമാറ്റി സെക്രട്ടറിമാര്‍ക്ക് നല്‍കി. വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സ് ഉദാരമാക്കുന്നതിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ വെട്ടിച്ചുരുക്കി. സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള അധികാരം അതത് തദ്ദേശസ്ഥാപനങ്ങളുടെ ഭരണസമിതിയില്‍ നിന്ന് സെക്രട്ടറിമാരിലേക്ക് മാറ്റി.

നോക്കു കൂലി ഇല്ലാതാക്കുക, വ്യവസായ-വാണിജ്യസ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സ് ഉദാരമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. ഇതിനായി പഞ്ചായത്തീരാജ് ആക്ട്, നഗരപാലിക നിയമം, സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ആക്ട്, ഭൂഗര്‍ഭ ജല നിയമം എന്നിങ്ങനെ ഏഴ് നിയമങ്ങളാണ് ഒറ്റ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്തത്. ഭേദഗതിയിലൂടെ വ്യവസായ-വാണിജ്യസ്ഥാപനങ്ങള്‍ക്കുള്ള അനുമതി അപേക്ഷ ലഭിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ നല്‍കണം. സെക്രട്ടറിക്കോ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആണ് അധികാരം.

വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ ചുമടിറക്കുന്നത് എങ്ങനെയാവണമെന്നത് തൊഴിലുടമയുടെ അവകാശമാണ്. സ്വയം ചുമടിറക്കുകയോ കയറ്റുകയോ യന്ത്രങ്ങളുപയോഗിക്കുകയോ ഇഷ്ടമുള്ളവരെ ചുമതലപ്പെടുത്തുകയോ ചെയ്യാം. വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഭൂഗര്‍ഭജലം എടുക്കുന്നതിന് ഇനി മുതല്‍ പരിശോധനയോഅനുമതിയോ ആവശ്യമില്ല. ഭൂഗര്‍ഭജല വകുപ്പ് അനുവദിച്ച അളവ് പാലിച്ചാല്‍ മതി. അളവ് ലംഘിച്ചാല്‍ അഞ്ചു ലക്ഷം വരെ പിഴയീടാക്കാന്‍ നിയമഭേദഗതി നിര്‍ദേശിക്കുന്നു.