LiveTV

Live

Kerala

ദിലീപിനോട് നേരിട്ട് ഹാജരാകാനാവശ്യപ്പെട്ട് ലോകായുക്ത നോട്ടീസ്

ദിലീപിനോട് നേരിട്ട് ഹാജരാകാനാവശ്യപ്പെട്ട് ലോകായുക്ത നോട്ടീസ്
Summary
ഡി സിനിമാസ് ഭൂമി ഇടപാടിലാണ് നോട്ടീസ്. ദിലീപ് അടക്കം 13പേര്‍ നേരിട്ട് ഹാജരാകണം..

അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ലോകായുക്ത നോട്ടീസ് അയച്ചു. ചാലക്കുടി ഡി സിനിമാസിനായി രേഖകളിൽ കൃത്രിമം കാണിച്ച് സർക്കാർ ഭൂമി കയ്യേറിയെന്ന പരാതിയിലാണ് നടപടി. കേസ് ഈ മാസം 28ന് പരിഗണിക്കും.

വില്ലേജ് രേഖകളിൽ കൃത്രിമം നടത്തി സർക്കാർ ഭൂമി കയ്യേറിയെന്ന പരാതിയിലാണ് ദിലീപ് ഉൾപ്പടെ പതിമൂന്ന് പേർക്ക് ലോകായുക്ത നോട്ടീസ് അയച്ചത്. പൊതുപ്രവര്‍ത്തകനായ മുകുന്ദന്‍ നല്‍കിയ പരാതിയിലാണ് ലോകായുക്തയുടെ നോട്ടീസ്. ദിലീപ്, സ്ഥലത്തിന്റെ മുൻ ഉടമകളായ തീയറ്റർ ഉടമ ജോർജ്ജ്, സജി പോൾ, ബിജു ഫിലിപ്പ്, അഗസ്റ്റിൻ, മുൻ തൃശ്ശൂർ ജില്ലാ കലക്ടർ എംഎസ് ജയ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക ദൂതൻ വഴിയാണ് നോട്ടീസ് കൈമാറിയത്.

ഈ മാസം 28ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങിൽ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 2005വരെ നികുതി അടക്കാതിരുന്ന ഭൂമിയിലെ രേഖകളിൽ തിരുത്തല്‍ വരുത്തി നഗരസഭയിൽ നിന്നും നിർമ്മാണാനുമതി വാങ്ങിയെന്നാണ് ദിലീപിനെതിരായ പ്രധാന ആരോപണം. കൊച്ചിൻ ദേവസ്വം ബോർഡ് വക ഭൂമിയും പുറമ്പോക്കിലെ തോടും ഉൾപ്പടെ കയ്യേറിയാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.