LiveTV

Live

Kerala

ദിലീപിന്റെ തെളിവെടുപ്പിനൊപ്പം കേസിലെ മൊഴിയെടുപ്പും പുരോഗമിക്കുന്നു

ദിലീപിന്റെ തെളിവെടുപ്പിനൊപ്പം കേസിലെ മൊഴിയെടുപ്പും പുരോഗമിക്കുന്നു
Summary
പ്രത്യേകിച്ചും നാദിര്‍ഷ, കാവ്യ, കാവ്യയുടെ അമ്മ ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്നവര്‍ എന്നിവരുടെ മൊഴിയാണ് പ്രധാനമായും എടുക്കുന്നത്...

ദിലീപിന്റെ തെളിവെടുപ്പ് പൂര്‍ത്തിയാക്കുന്നതിനോടൊപ്പം മൊഴികളെടുക്കുന്ന നടപടികളും പൂര്‍ത്തിയാക്കാനാണ് അന്വേഷണം സംഘം ശ്രമിക്കുന്നത്. ഗൂഡാലോചനയില്‍ പങ്കുണ്ടോയെന്ന് സംശയമുള്ളവരെയും ദിലീപുമായി സാമ്പത്തിക ഭൂമിയിടപാടുകള്‍ നടത്തിയവരുടേയും മൊഴിയെടുക്കലാണ് അന്വേഷണ സംഘം നടത്തിക്കൊണ്ടിരിക്കുന്നത്.

ഗൂഡാലോചയില്‍ പങ്കാളികളായിട്ടുണ്ടെന്ന് സംശയമുള്ളവരുടെ മൊഴിയെടുക്കല്‍ ഒരുതവണ കഴിഞ്ഞതാണ്. എന്നാല്‍ പുതിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരില്‍ നിന്നും വീണ്ടും മൊഴിയെടുക്കുന്നുണ്ട്. പ്രത്യേകിച്ചും നാദിര്‍ഷ, കാവ്യ, കാവ്യയുടെ അമ്മ ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്നവര്‍ എന്നിവരുടെ മൊഴിയാണ് പ്രധാനമായും എടുക്കുന്നത്. മൊഴികളിലെ വൈരുധ്യം പരിശോധിക്കാനാണ് ഇത്. അഞ്ചോളം സിഐമാരുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കല്‍ പുരോഗമിക്കുന്നത്.

നടി അക്രമിക്കപ്പെടുന്നതിന് മുന്‍പും അതിന് ശേഷവും ദിലീപിനെ വിളിച്ചവരുടേയും ദിലീപ് വിളിച്ചവരുടേയും മൊഴി അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. ഇതോടൊപ്പം ദിലീപിന്റെ ബിനാമികളായ ചിലരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകള്‍ ഭൂമി ഇടപാടുകള്‍ എന്നിവയെ കുറിച്ച അന്വേഷണവും പുരോഗമിക്കുയാണ്. തെളിവെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മൊഴിയെടുക്കലും പൂര്‍ത്തിയായേക്കും. റിമാന്റ് കാലാവധി കഴിഞ്ഞ് ദിലീപ് പുറത്തിറങ്ങുന്നതിന് മുന്‍പ് തെളിവ് ശേഖരണവും മൊഴിയെടുക്കലും പൂര്‍ത്തിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറാക്കുന്ന നടപടിയിലേക്ക് കടക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.