LiveTV

Live

Kerala

പനി മരണം തുടരുന്നു; ചിക്കന്‍പോക്സും പടരുന്നു

പനി മരണം തുടരുന്നു; ചിക്കന്‍പോക്സും പടരുന്നു
Summary
ഡെങ്കിപ്പനിയും ടൈഫോയ്ഡും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് പനി മരണങ്ങൾ തുടരുന്നു. ഒരു വയസ്സുള്ള കുട്ടിയടക്കം എട്ടുപേർ കഴിഞ്ഞ ദിവസം പനിബാധയെ തുടർന്ന് മരിച്ചു. പകർച്ചവ്യാധികൾ പിടിപെടുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്.



പനിബാധിച്ചുള്ള മരണങ്ങൾ ദിനംപ്രതി വർദ്ധിക്കുന്നു‌വെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നത്. ഈ മാസം മാത്രം പകർച്ചപ്പനിയെ തുട‍ർന്ന് മരിച്ചത് 40-ലേറെ പേരാണ്. ആറുമാസത്തിനിടെയുള്ള പനിയും മറ്റ് പകർച്ചവ്യാധികളും പിടിപ്പെട്ട് 250തോളം പേരും മരിച്ചു. സർക്കാർ ആശുപത്രികളിൽ പനിക്ക് ചികിൽസതേടുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം ഇരുപത്തിമൂവായിരത്തിലധികം പേരാണ് ആശുപത്രികളിലെത്തിയത്. ഇതിൽ 178 പേർക്ക് ഡെങ്കി‌പ്പനിയും 6- പേർക്ക് എച്ച് 1 എൻ1-ഉം 9 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.

സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളിലേതുകൂടി പരിഗണിച്ചാൽ പനിബാധിതരുടെ എണ്ണം കുത്തനെ ഉയരും. പലയിടങ്ങളിലും ആശുപത്രികളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവും മരുന്ന് ക്ഷാമവും പനി ബാധിതരെ വലക്കുന്നുണ്ട്.

അതിനിടെ എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ പനിക്ക് പുറമേ ചിക്കൻപോക്സും പടരുന്നുണ്ട്. പനി ബാധിതരുടെ എണ്ണം ആശുപത്രികളിൽ വർദ്ധിക്കുന്നുണ്ട്. ഡെങ്കിപ്പനിയും ടൈഫോയ്ഡും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഹെപ്പറ്റയിറ്റിസ് ബി, ഡെങ്കി, എലിപ്പനി, വയറിളക്കം തുടങ്ങിയ രോഗങ്ങളുമായാണ് ഇപ്പോൾ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. കോതമംഗലം, കോലഞ്ചേരി, മൂവാറ്റുപുഴ ഭാഗങ്ങളിലാണ് പനി ചികിത്സകരുടെ എണ്ണം വർധിക്കുന്നത്. രോഗഭീതി ഉയർന്നതോടെ ആശുപത്രികൾ മതിയായ സൗകര്യങ്ങളോടെ സജ്ജമായി.

പനി രോഗങ്ങൾക്കൊപ്പം ഇപ്പോൾ ചിക്കൻ പോക്സിനും ആളുകൾ ചികിത്സ തേടിയെത്തുന്നുണ്ട്. ഈ രോഗത്തിനുള്ള പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.