LiveTV

Live

Kerala

ഇനിയും ശമനമില്ലാതെ പകര്‍ച്ചപ്പനിയും പനിമരണങ്ങളും

ഇനിയും ശമനമില്ലാതെ പകര്‍ച്ചപ്പനിയും പനിമരണങ്ങളും
Summary
പനി നേരിടാന്‍ ജില്ലാ അടിസ്ഥാനത്തില്‍ മോണിറ്ററിങ് സെല്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് പനി മരണം കൂടുന്നു. 183 പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 23000 പേരാണ് കഴിഞ്ഞ ദിവസം പകര്‍ച്ചപ്പനിക്ക് ചികിത്സ തേടിയത്. പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്ലാ ജില്ലകളിലും മോണിറ്ററിങ് സെല്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ പകര്‍ച്ചപ്പനിയില്‍ ഒരു ശമനവും വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് തിങ്കളാഴ്ചത്തെ കണക്കുകള്‍. തിരുവനന്തപുരത്താണ് രണ്ട് പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പാലക്കാട് ഡെങ്കിപ്പനി മൂലം ഒരാളും കോഴിക്കോട് എലിപ്പനി മൂലം ഒരാളും തിങ്കളാഴ്ച മരിച്ചു.

711 പേര്‍ ഡെങ്കിപ്പനിക്ക് ചികിത്സ തേടിയെത്തി. രോഗം സ്ഥിരീകരിച്ച 183 പേരെ അഡ്മിറ്റ് ചെയ്തു. ഇവരില്‍ 89 പേരും തിരുവനന്തപുരം ജില്ലക്കാരാണ്. 9 പേര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ 22896 പേര്‍ പകര്‍ച്ചപ്പനിക്ക് ചികിത്സ തേടി. 682 പേര്‍ അഡ്മിറ്റാണ്. 18 പേര്‍ എലിപ്പനിക്ക് ചികിത്സ തേടിയതില്‍ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

പകര്‍ച്ചപ്പനി നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിലാണ് എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്റിങ് സെല്ലുകള്‍ ആരംഭിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചത്. ചികിത്സ സംബന്ധിച്ചും ആശുപത്രികളിലെ പരിചരണം, ശുചിത്വം തുടങ്ങിയവ സംബന്ധിച്ചുമുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് മോണിറ്ററിങ് സെല്ലില്‍ അറിയിക്കാം. പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമന്ത്രിയുടെ ഓഫീസിലെ പ്രത്യേക സെല്‍ ഏകോപിപ്പിക്കും.

പനി: നഴ്സ് സമരം താത്ക്കാലികമായി നിര്‍ത്തണമെന്ന് സര്‍ക്കാര്‍

തൃശൂര്‍ ജില്ലയിലെ നഴ്സുമാര്‍ നടത്തുന്ന സമരം തുടരുന്നത് ആലോചിക്കാന്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നിര്‍ണായക യോഗം ഇന്ന്. പനി പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ യോഗം വിളിച്ച ഇരുപത്തിയേഴാം തിയതി വരെ സമരം നിര്‍ത്തിവെക്കണമെന്ന കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് യോഗം.

ജോലിക്കനുസരിച്ചുള്ള വേതനം നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്നലെയാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ഭാഗികമായി ബാധിച്ചിരുന്നു. ഇതോടെയാണ് കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ യുണൈറ്റ‍ഡ് നഴ്സസ് അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. ആവശ്യം ന്യായമാണെന്നും ശമ്പളം നല്‍കാത്ത മാനേജ്മെന്‍റുകളുടെ നടപടി സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പനി പടരുന്ന സാഹചര്യത്തില്‍ ഈ മാസം 27ന് സര്‍ക്കാര്‍ വിളിച്ച യോഗം കഴിയും വരെ സമരം നിര്‍ത്തിവെക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റി ഇന്ന് യോഗം ചേര്‍ന്നതിന് ശേഷം ഇക്കാര്യത്തില്‍ യുഎന്‍എ തീരുമാനമെടുക്കും. ഇടക്കാലാശ്വാസമെന്ന നിലയില്‍‌ വേതനം കൂട്ടി നല്‍കാമെന്ന് അംഗീകരിച്ച ആശുപത്രികളെയും സമരത്തില്‍ നിന്ന് ഒഴിവാക്കാന്‍ ആലോചിക്കുന്നുണ്ട്.

അത്യാഹിത വിഭാഗത്തിലെയും കിടപ്പ് രോഗികളുടെയും പരിചരണത്തിനായി മൂന്നിലൊന്ന് നഴ്സുമാര്‍ സമര കാലയളവില്‍ ആശുപത്രികളില്‍ എത്തുന്നുണ്ട്.