LiveTV

Live

Kerala

കൊച്ചി മെട്രോ ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി

കൊച്ചി മെട്രോ ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി
Summary
മെട്രോയിലെ ആദ്യയാത്രയ്ക്കായി നിരവധിയാളുകളാണ് എത്തുന്നത്.

കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്കായി ഓടിത്തുടങ്ങി. ആലുവമുതല്‍ പാലാരിവട്ടം വരെ സഞ്ചരിക്കാന്‍ നാല്‍പത് രൂപയാണ് ചാര്‍ജ്. മിനിമം ചാര്‍ജ് പത്ത് രൂപ. മെട്രോയിലെ ആദ്യയാത്രയ്ക്കായി നിരവധിയാളുകളാണ് എത്തുന്നത്.

ആദ്യദിനത്തില്‍ തന്നെ മെട്രോ യാത്ര തരപ്പെടുത്താനുള്ള വലിയ തിരക്കാണ് കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളില്‍ അനുഭവപ്പെടുന്നത്. ആദ്യയാത്രയുടെ ആകാംഷയും ആവേശവും കൌതുകവുമാണ് മിക്കവരും പങ്കുവെക്കുന്നത്. കുടുംബസമേതം വിവിധ ജില്ലകളില്‍ നിന്നും മെട്രോ യാത്രാനുഭവത്തിന് മാത്രമായി എത്തുന്നവരും നിരവധി.

മെട്രോ യാത്രയെക്കുറിച്ചറിയാന്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്വേഷണ പ്രവാഹമാണ് കെഎംആര്‍എല്‍ ഓഫീസിലേക്ക് എത്തുന്നത്.

പൊതുജനങ്ങള്‍ക്ക് പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്താവുന്ന തരത്തിലുള്ള സര്‍വീസുകള്‍ നടത്തുന്നതിനായി എല്ലാ ഒരുക്കങ്ങളും കൊച്ചി മെട്രോ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ആദ്യദിനങ്ങളില്‍ തന്നെ മെട്രോ യാത്ര തരപ്പെടുത്താനുള്ള ജനങ്ങളുടെ തിരക്ക് കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി സുഗമമായ യാത്ര ക്രമീകരിക്കാനുള്ള ശ്രമമാണ് മെട്രോ അധികൃധര്‍ നടത്തുന്നത്. യാത്രയ്ക്കായുള്ള അന്വേഷണം വര്‍ധിക്കുന്നതിനാല്‍ ആദ്യമാസങ്ങളില്‍ മികച്ച വരുമാനവും കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നു. ഗ്രൂപ്പ് ബുക്കിങ്ങിനായുള്ള സാധ്യതകള്‍ തേടിയും വ്യാപക അന്വേഷണമാണ് എത്തുന്നത്. അദ്യദിനങ്ങളിലെ ആകാംഷ അവസാനിച്ചാല്‍ യാത്രക്കാര്‍ കുറയാനുള്ള സാധ്യത പരിഗണിച്ച് യാത്രക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആലുവ മുതല്‍ പാലാരിവട്ടം വരെ സഞ്ചരിക്കാന്‍ 40 രൂപയാണ് ചാര്‍ജ്. മിനിമം ചാര്‍ജ് പത്ത് രൂപ. മെട്രോ യാത്രയ്ക്ക് ഉപയോഗിക്കാവുന്ന കൊച്ചിവണ്‍ സ്മാര്‍ട് കാര്‍‌‍ഡ് സ്വന്തമാക്കാനുള്ള അവസരവും യാത്രക്കാര്‍ക്ക് ഒരുക്കിയിട്ടുണ്ട്.