LiveTV

Live

Kerala

ജിഷ്ണു കേസില്‍ ഒളിവിലുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി

ജിഷ്ണു കേസില്‍ ഒളിവിലുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി
Summary
മൂന്നാം പ്രതി എന്‍ കെ ശക്തിവേലിനും നാലാം പ്രതി പ്രവീണിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അപേക്ഷ ഇന്ന് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും

ജിഷ്ണു പ്രണോയ് കേസില്‍ ഒളിവിലുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. മൂന്നാം പ്രതി എന്‍ കെ ശക്തിവേലിനും നാലാം പ്രതി പ്രവീണിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അപേക്ഷ ഇന്ന് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. ഇതിനിടെ ഇരുവരെയും പിടികൂടാനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

ജിഷ്ണു പ്രണോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാത്ത മൂന്ന് പ്രതികളില്‍ രണ്ട് പേരുടെ സ്വത്ത് കണ്ടുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ജിഷ്ണു കേസില്‍ മര്‍ദനമടക്കം ഗുരുതര കുറ്റങ്ങള്‍ ചെയ്തിട്ടുള്ളത് വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേലും അസിസ്റ്റന്‍റ് പ്രൊഫസര്‍ സി പി പ്രവീണുമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ ഇവര്‍ 55 ദിവസമായി ഒളിവിലാണ്. ഇതര സംസ്ഥാനങ്ങളിലടക്കം തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് കീഴടങ്ങാനുള്ള സമ്മര്‍ദം ശക്തമാക്കുന്നത്.

ഇരുവരുടെയും സ്വത്ത് കണ്ടുകെട്ടുന്നതിന്‍റെ ആദ്യ ഘട്ടമെന്ന നിലയില്‍ ഇരുവരുടെയും പേരില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അപേക്ഷ ഇന്ന് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. വാറണ്ട് പുറപ്പെടുവിച്ച ശേഷവും കീഴടങ്ങിയില്ലെങ്കില്‍ കോടതിയെ അറിയിച്ച് പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണം. അതിന് ശേഷമാണ് സ്വത്ത് കണ്ടുകെട്ടാനുള്ള അപേക്ഷ നല്‍കേണ്ടതും കോടതിയുടെ അനുമതിയോടെ നടപ്പിലാക്കേണ്ടതും.

പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് നേരത്തെ ജിഷ്ണുവിന്‍റെ കുടുംബത്തിന് ഡിജിപി ഉറപ്പ് നല്‍കിയിരുന്നു. ഇതിനിടെ പ്രതികളെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അഞ്ച് സംസ്ഥാനങ്ങളില്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.