LiveTV

Live

Kerala

കൊക്കക്കോള, പെപ്‌സി ഉല്‍പ്പന്നങ്ങള്‍ വ്യാപാരികള്‍ ബഹിഷ്‌കരിക്കും

കൊക്കക്കോള, പെപ്‌സി ഉല്‍പ്പന്നങ്ങള്‍ വ്യാപാരികള്‍ ബഹിഷ്‌കരിക്കും
Summary
അടുത്ത ചൊവ്വാഴ്ച മുതലാണ് കോള ഉല്‍പ്പന്നങ്ങളുടെ വ്യാപാരം നിര്‍ത്തിവെക്കുക.

കൊക്കോകോള -പെപ്സി ഉത്പന്നങ്ങള്‍ കേരളത്തിലും ബഹിഷ്കരിക്കാന്‍ വ്യാപാരികളുടെ തീരുമാനം. തമിഴ്നാട്ടിലെ വ്യാപാരികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും ജലമൂറ്റല്‍ അടക്കമുള്ള കന്പനികളുടെ നടപടികളില്‍ പ്രതിഷേധിച്ചുമാണ് തീരുമാനം. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ കൂടി പിന്തുണതേടിയ ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍‌ ടി നസ്റുദ്ദീന്‍ വിശദീകരിച്ചു . അതേ സമയം മാളുകള്‍ക്ക് പ്രത്യേക സ്കീം നല്‍കുന്നതിന് എതിരെ കന്പനികളും സംഘടനയുമായി ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം.

മാര്‍ച്ച് 1 മുതല്‍ തമിഴ്നാട്ടിലെ വ്യാപാരികള്‍ പെപ്സി-കൊക്കോകോള ഉത്പന്നങ്ങളുടെ വില്‍പന നിര്‍ത്തിയിരുന്നു. ജലമൂറ്റലടക്കമുള്ള കാരണങ്ങള്‍ ചൂട്ടികാട്ടിയായിരുന്നു ബഹിഷ്കരണം. ഇതിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് കേരളത്തിലെ വ്യാപാര വ്യവസായി ഏകോപന സമിതിയും രംഗത്ത് എത്തിയത്. മലിനീകരണം അടക്കമുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ കന്പനി കേരളത്തിലും സൃഷ്ടിക്കുന്നതായി വ്യാപാരികള്‍ ചൂണ്ടി കാണിക്കുന്നു

എന്നാല്‍ മാളുകളില്‍ ബഹുരാഷ്ട്ര കന്പനികള്‍ പ്രത്യേക സ്കീമുകള്‍ നല്‍കുന്നതിന് എതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇതല്ല ബഹിഷ്കരണത്തിനുള്ള കാരണമെന്നാണ് ടി നസ്റുദ്ദീന്റെ വിശദീകരണം. വ്യാപാരി സംഘടനാ പ്രതിനിധികള്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ട് ബഹുരാഷ്ട്ര കുത്തക കന്പനികള്‍‌ക്ക് എതിരായ സമരത്തിന് പിന്തുണ തേടും. മറ്റ് വ്യാപാരി സംഘടനകളോടും സഹകരണം തേടിയ ശേഷം ചൊവ്വാഴ്ച സമര പ്രഖ്യാപനവും നടത്തും