LiveTV

Live

Kerala

57 വര്‍ഷത്തെ സേവനം; ഐഎന്‍എസ് വിരാട് യുഗത്തിന് അന്ത്യം

57 വര്‍ഷത്തെ സേവനം; ഐഎന്‍എസ് വിരാട് യുഗത്തിന് അന്ത്യം
Summary
ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ടിച്ച യുദ്ധകപ്പലെന്ന ഗിന്നസ് റെക്കോര്‍ഡും ഐഎന്‍എസ് വിരാടിന്

നീണ്ട 57 വര്‍ഷത്തെ സേവനത്തിനുശേഷം ഐഎന്‍എസ് വിരാട് മടങ്ങുന്നു. ഇന്ത്യയുടെ യുദ്ധവിമാന വാഹിനിയായ ഐഎന്‍എസ് വിരാട് തിങ്കളാഴ്ച്ച നാവികസേന ഡീകമ്മീഷന്‍ ചെയ്യും. ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ടിച്ച യുദ്ധകപ്പലെന്ന ഗിന്നസ് റെക്കോര്‍ഡും ഐഎന്‍എസ് വിരാടിനാണ്.

1959 നവംബറില്‍ എച്ച് എം എസ് ഹെര്‍മസ് എന്ന പേരില്‍ ബ്രിട്ടീഷ് റോയല്‍ നേവിയുടെ സേവനം ആരംഭിച്ച യുദ്ധവാഹിനി നീണ്ട 27 വര്‍ഷത്തെ സേവനത്തിനൊടുവില്‍ 1987 മെയ് 12 നാണ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായത്. പിന്നീടിങ്ങോട്ട് യുദ്ധമുഖത്തും സേവനപ്രവര്‍ത്തനങ്ങളിലുമെല്ലാം നാവികസേനയുടെ അവിഭാജ്യഘടകമായിരുന്നു ഐഎന്‍എസ് വിരാട്. അമ്മയെന്ന് നാവികസേനയുടെ വെസ്റ്റേണ്‍ ഫ്ലീറ്റില്‍ അറിയപ്പെടുന്ന ഐഎന്‍എസ് വിരാട് ലോകത്തിന് തന്നെ അത്ഭുതമായിരുന്നു. ആവിയന്ത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏക യുദ്ധവിമാനവാഹിനിയാണ് വീരാട്. കഴിഞ്ഞ 57 വര്‍ഷത്തിനിടെ 35 ക്യാപ്റ്റന്‍മാരാണ് ഈ യുദ്ധവാഹിനിയെ കടലില്‍ നയിച്ചത്. ബ്രിട്ടീഷ് റോയല്‍നേവിക്കൊപ്പം ഓപറേഷന്‍ മേഴ്സി, ഓപറേഷന്‍ ഫോക്ക് ലാന്‍റ്സ് എന്നിവയില്‍ പങ്കാളിയായ എച്ച് എം എസ് ഹെര്‍മസ് ഇന്ത്യന്‍ പാതകയ്ക്ക് കീഴില്‍ ഓപറേഷന്‍ ജൂപിറ്റര്‍, ഓപറേഷന്‍ പരാക്രമ, ശ്രീലങ്കയിലെ സമാധാനശ്രമങ്ങള്‍ എന്നിവയിലും നിര്‍ണായക പങ്ക് വഹിച്ചു. 27 തവണ ഭൂഗോളത്തെ ചുറ്റിയ യുദ്ധകപ്പലെന്ന പ്രത്യേകതയും വിരാടിന് സ്വന്തം. തിങ്കളാഴ്ച്ച മുംബൈ ഡോക്ക് യാര്‍ഡില്‍ നടക്കുന്ന ഡീകമ്മീഷനിങ് ചടങ്ങില്‍ മുമ്പ് വിരാടിനെ നയിച്ചവരേയും ബ്രിട്ടീഷ് റോയല്‍ നേവിയിലെ ഉദ്യോഗസ്ഥരേയും ആദരിക്കും.

ഡീകമ്മീഷനിങ്ങിന് ശേഷം ഐഎന്‍എസ് വിരാട് എന്തുചെയ്യുമെന്ന കാര്യത്തില്‍ ഇപ്പോളും അന്തിമതീരുമാനമായിട്ടില്ല. തിങ്കളാഴ്ച്ച നാവികപതാകയും ചിഹ്നവും താഴ്ത്തുന്നതോടെ നാവികസേനയിലെ വിരാട് യുഗത്തിനാണ് അന്ത്യമാവുക.