LiveTV

Live

Kerala

കസ്തൂരിരംഗന്‍ വിജ്ഞാപനം: ഹൈറേഞ്ച് സംരക്ഷണ സമിതി സമരത്തിലേക്ക്

കസ്തൂരിരംഗന്‍ വിജ്ഞാപനം: ഹൈറേഞ്ച് സംരക്ഷണ സമിതി സമരത്തിലേക്ക്
Summary
കസ്തൂരിരംഗന്‍ വിഷയത്തില്‍ യുഡിഎഫിനും കേരളാ കോണ്‍ഗ്രസിനും പിന്നാലെ ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കിയില്‍ സമരരംഗത്തേക്ക് എത്തുന്നു.

കസ്തൂരിരംഗന്‍ വിഷയത്തില്‍ യുഡിഎഫിനും കേരളാ കോണ്‍ഗ്രസിനും പിന്നാലെ ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കിയില്‍ സമരരംഗത്തേക്ക് എത്തുന്നു. ഇതിന്‍റെ ഭാഗമായി മാര്‍ച്ച് ഒന്ന് മുതല്‍ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടത്തും.

ഒരു ഇടവേളക്ക് ശേഷം ഇടുക്കി ഒരിക്കല്‍ കൂടി കസ്തൂരി രംഗന്‍ വിഷയത്തില്‍ സമര വേദി ആവുകയാണ്. കസ്തൂരിരംഗനിലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി മാര്‍ച്ച് നാലിന് അവസാനിക്കുമ്പോള്‍ അന്തിമ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

ഇതേവിഷയം ഉന്നയിച്ച് ഇടുക്കി കേരളാ കോണ്‍ഗ്രസ്സ് എംഎല്‍എ റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തില്‍ ഫെബ്രുവരി 26ന് സെക്രട്ടറിയേറ്റിലേക്ക് കാല്‍നട പ്രചരണ ജാഥ നടത്തും. മാര്‍ച്ച് നാലിന് കേരളാ കോണ്‍ഗ്രസ്സും ജില്ലയിലെ യുഡിഎഫ് നേതൃത്വവും ജില്ലാ ഹര്‍ത്താല്‍ നടത്തുവാനും തീരുമാനിച്ചു. ഇ.എസ്.ഐ പരിധി പുനര്‍നിര്‍ണയിക്കുക, ജനവാസകേന്ദ്രങ്ങളെ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സമരങ്ങള്‍.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നതിലേറെയും ഇടുക്കിയിലെ വില്ലേജുകളായതിനാല്‍ കൂടുതല്‍ സംഘടനകള്‍ വരും ദിവസങ്ങളില്‍ ഈ വിഷയം ഉയര്‍ത്തി സമരരംഗത്തേക്ക് എത്തുവാനുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നു.