LiveTV

Live

Kerala

പോലീസ് നടപടികളില്‍ നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാന്‍ സി.പി.എം നീക്കം

Summary
പൊലീസിനെതിരെ ശക്തമായ പ്രസ്താവനയുമായി മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു

തുടര്‍ച്ചയായ പൊലീസ് നടപടികളിലൂടെ ഉണ്ടായ പ്രതിച്ഛായാ നഷ്ടം പരിഹരിക്കാനുള്ള നീക്കമാണ് യു.എ.പി.എ കേസുകളുടെ കാര്യത്തില്‍ സി.പി.എമ്മിന്‍റെ ഭാഗത്തു നിന്ന് ഇന്നുണ്ടായത്. പൊലീസിനെതിരെപാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തു വന്നതിന് പിറകെയാണ് കമല്‍സി ചവറയുടെയും നദീറിന്‍റെയും കേസുകളില്‍ പൊലീസിന്‍റെ ഭാഗത്തു നിന്ന് നടപടികളും പ്രസ്താവനകളുമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊലീസ് നയത്തിനെതിരെ സി.പി.എമ്മിന് അകത്തും പ്രതിഷേധമുയര്‍ന്നിരുന്നു.

പൊലീസിനെതിരെ ശക്തമായ പ്രസ്താവനയുമായി മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു.തുടര്‍ന്ന് ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഔദ്യോഗികമായി പാര്‍ട്ടി നിലപാട് വ്യക്തമാക്കി. ഇതിനു പിറകെ ഡി.ജി.പി ലോക്നാഥ് ബെഹറ യു.എ.പി.എ ചുമത്തിയിട്ടില്ലെന്ന പ്രസ്താവന നടത്തി.അസാധരണമായ രീതിയില്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍, കണ്ണൂര്‍ എസ്.പി എന്നിവരും പ്രസ്താവന നടത്തി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്ന നദീറിനെ വിട്ടയച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരിയുടെ പ്രസ്താവനയോട് പ്രതികരിച്ചില്ല.പക്ഷേ പിണറായി വിജയന്‍ വിഷയത്തില്‍ ഉചിതമായി ഇടപെട്ടുവെന്നും ഇപ്പോഴത്തെവിവാദങ്ങള്‍ നോട്ട് നിരോധന വിഷയം മറച്ചുപിടിക്കാനാണെന്നും സി.പി.എം കേന്ദ്രനേതൃത്വം രാഷ്ട്രീയ പ്രസ്താവനയിറക്കി. വാര്‍ത്താക്കുറിപ്പിറക്കാതെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ഈ വിശദീകരണമെന്നതും ശ്രദ്ധേയമാണ്. പൊലീസിനെ എല്ലാ വിഷയങ്ങളിലും പിന്തുണക്കുന്ന പിണറായി വിജയനെ തിരുത്തുകയും അതൊടൊപ്പം പിണറായി നടപടിയെടുത്തുവെന്ന സന്ദേശം പാര്‍ട്ടി അണികള്‍ക്കും പിന്തുണക്കുന്നവര്‍ക്കും നല്‍കുകയുമാണ് ഇതിലൂടെ സി.പി.എം ഉദ്ദേശിക്കുന്നത്.