LiveTV

Live

Kerala

മഗ്നീഷ്യം ഇറക്കുമതിക്കേസില്‍ ടോം ജോസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറി

മഗ്നീഷ്യം ഇറക്കുമതിക്കേസില്‍ ടോം ജോസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറി
Summary
ടോം ജോസിനെ സസ്പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് ശിപാര്‍ശ ചീഫ് സെക്രട്ടറി തള്ളി

മഗ്നീഷ്യം ഇറക്കുമതിക്കേസില്‍ ടോം ജോസിനെതിരെ നടപടിയെടുക്കേണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. 1.67 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ മഗ്നീഷ്യം ഇറക്കുമതിക്കേസില്‍ ടോം ജോസിനെ സസ്പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളുന്നതാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

കെഎംഎംഎല്ലിന് വേണ്ടി മഗ്നീഷ്യം ഇറക്കുമതി ചെയ്തതില്‍ 1.67 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. ആഗോള ടെന്‍ഡര്‍ വിളിച്ചതിലും കരാര്‍ നല്‍കിയതും ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ടോം ജോസിനെ സസ്പെന്‍ഡ് ചെയ്യണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. ഇതില്‍ എടുക്കേണ്ട തീരുമാനം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. നിയമവകുപ്പിന്റെ ഉപദേശം കൂടി തേടി ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ടോം ജോസിനെതിരെ നടപടി വേണ്ടെന്ന് പറഞ്ഞിരിക്കുന്നത്.

മഗ്നീഷ്യത്തിന്റെ വില വര്‍ധിച്ചുവെന്നത് യാഥാര്‍ഥ്യമാണെങ്കിലും ആഗോള ടെന്‍ഡര്‍ വിളിച്ച നടപടി ക്രമങ്ങളില്‍ തെറ്റില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തില്‍. അതിനാല്‍ നഷ്ടമുണ്ടായതിന്റെ പേരില്‍ നടപടി എടുക്കാന്‍ കഴിയില്ലെന്നും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്മേല്‍ ഇനി മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്‍രെ അടിസ്ഥാനത്തില്‍ ടോം ജോസിനെ നടപടിയെടുക്കണമെന്ന് വി എസ് അച്യുതാനന്ദന്‍ കഴിഞ്‍ ദിവസം ആവശ്യപ്പെട്ടിരുന്നു.