LiveTV

Live

Kerala

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ അറസ്റ്റിലായ പിതാവിനെയും വ്യാജസിദ്ധനെയും റിമാന്‍റ് ചെയ്തു

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍  അറസ്റ്റിലായ പിതാവിനെയും വ്യാജസിദ്ധനെയും റിമാന്‍റ് ചെയ്തു
Summary
സിദ്ധന്റെ നിര്‍ദേശപ്രകാരമാണ് കുഞ്ഞിന് മുലപ്പാല് നല്കരുതെന്ന് നിര്‍ബന്ധം പിടിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു

കോഴിക്കോട് മുക്കത്ത് നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച കേസില് അറസ്റ്റിലായ പിതാവിനെയും വ്യാജസിദ്ധനെയും റിമാന്‍റ് ചെയ്തു. മുക്കം കളാന്‍തോട് സ്വദേശി ഹൈദ്രൂസ് അലി തങ്ങളെയാണ് പിതാവ് അബൂബക്കറിനൊപ്പം റിമാന്‍റ് ചെയ്തത്. ഇയാളുടെ ഉപദേശം സ്വീകരിച്ചാണ് അഞ്ച് ബാങ്ക് കൊടുക്കുന്നത് വരെ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നത് പിതാവ് തടഞ്ഞത്.

ഹൈദ്രൂസ് അലി തങ്ങളുടെ ആത്മീയ തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാളാംതോടുള്ള ഇയാളുടെ വീട്ടിലേക്ക് യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

നവജാത ശിശുവിന് 24 മണിക്കൂര്‍ നേരം മുലപ്പാല്‍ നിഷേധിക്കാനിടയായത് ഹൈദ്രൂസ് അലി തങ്ങളുടെ ഉപദേശത്തെ തുടര്‍ന്നായിരുന്നു. ബാലനീതി നിയമ പ്രകാരം കുഞ്ഞിന്‍റെ അവകാശങ്ങള്‍ നിഷേധിച്ചു എന്ന കുറ്റം ചുമത്തിയാണ് ഹൈദ്രൂസ് അലി തങ്ങളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്‍റെ പിതാവ് അബൂബക്കറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈദ്രൂസ് അലി തങ്ങളുടെ ആത്മീയ തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാളാംതോടുള്ള ഇയാളുടെ വീട്ടിലേക്ക് യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.മുജാഹിദ് വിദ്യാര്‍ത്ഥി സംഘടനയായ ഐഎസ്എം നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ഹൈദ്രൂസ് അലി തങ്ങളുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.

മുക്കം ഇഎംഎസ് ആശുപത്രിയില്‍ ബധനാഴ്ച പ്രവസവിച്ച കുഞ്ഞിനാണ് സിദ്ധന്‍റെ ഉപദേശം കേട്ട് 24 മണിക്കൂര്‍ മുലപ്പാല്‍ നിഷേധിച്ചത്.