LiveTV

Live

Kerala

കൊയിലാണ്ടി വടകര മേഖലകളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അയവ്

Summary
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷമായിരുന്നു കൊയിലാണ്ടിയിലും വടകരയിലും അക്രമങ്ങളുണ്ടായത്. മുചുകുന്ന് കൊയിലാണ്ടി മേഖലകളില്‍ കോണ്‍ഗ്രസ്‌, ബിജെപി, സിപിഎം, പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിക്കപ്പെട്ടു.

കൊയിലാണ്ടി വടകര മേഖലകളില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അയവ്. രണ്ട് ആഴ്ചകളായി തുടരുന്ന ആക്രമണങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നിരുന്നു. മുപ്പതോളം കേസുകളാണ് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷമായിരുന്നു കൊയിലാണ്ടിയിലും വടകരയിലും അക്രമങ്ങളുണ്ടായത്. മുചുകുന്ന് കൊയിലാണ്ടി മേഖലകളില്‍ കോണ്‍ഗ്രസ്‌, ബിജെപി, സിപിഎം, പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിക്കപ്പെട്ടു. സര്‍വകക്ഷിയോഗം വിളിച്ചിരുന്നെങ്കിലും അക്രമത്തിനു ശമനമുണ്ടായിരുന്നില്ല.കഴിഞ്ഞ ദിവസം കുന്നോത്ത് മുക്കില്‍ എഎസ്ഐയുടെ വീടിനു നേരെയും അക്രമമുണ്ടായി.പത്ത് കേസുകളാണ് ഇതു വരെ കൊയിലാണ്ടിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വടകരയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍റെ വീടിനു നേരെയും ആക്രമണമുണ്ടായി.ചാനിയം കടവില്‍ ലീഗ് പ്രവര്‍ത്തകന്‍റെ ബൈക്കും ഒരു സംഘം തീ വെച്ചു നശിപ്പിച്ചു. അക്രമസംഭവങ്ങള്‍ നേരിടാന്‍ കര്‍ശന നടപടികള്‍ പോലീസ് സ്വീകരിച്ചിട്ടുണ്ട്. ഇരുപത്തി മൂന്ന് കേസുകളാണ് വടകര മേഖലയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പോലീസ് നടപടികള്‍ ഊര്‍ജിതമാക്കിയതോടെ അക്രമത്തിന് അയവ് വന്നു.സംഘര്‍ഷമേഖലകളില്‍ പോലീസിന്‍റെ രാത്രികാല പട്രോളിംഗ് സജീവമാക്കിയിട്ടുണ്ട്.