LiveTV

Live

Kerala

മുന്‍ മന്ത്രി കെപി നൂറുദ്ദീന്റെ മൃതദേഹം സംസ്കരിച്ചു

മുന്‍ മന്ത്രി കെപി നൂറുദ്ദീന്റെ മൃതദേഹം സംസ്കരിച്ചു
Summary
തിയങ്ങാടി ഹൈദ്രോസ് പളളിയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. കണ്ണൂരിലും പയ്യന്നൂരിലും പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാ തുറകളില്‍ പെട്ട നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു.

അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.പി നൂറുദ്ദീന്റെ മൃതദേഹം സംസ്കരിച്ചു. പുതിയങ്ങാടി ഹൈദ്രോസ് പളളിയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. കണ്ണൂരിലും പയ്യന്നൂരിലും പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാ തുറകളില്‍ പെട്ട നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു.

സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കെ.കെ ശൈലജ, കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍, മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി എം.പിമാര്‍ എം.എല്‍.എമാര്‍ തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെപി നൂറുദ്ദീന്റെ അന്ത്യം. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഇന്നലെയാണ് അദ്ദേഹം രാജിവെച്ചത്. വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണ കാരണം.

അര പതിറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്ന സൌമ്യ സാന്നിധ്യമായിരുന്നു കെപി നൂറുദ്ദീന്‍. യൂത്ത് കോണ്‍ഗ്രസിന്റെ യൂണിറ്റ് സെക്രട്ടറിയില്‍ നിന്നും മന്ത്രി പദം വരെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ അഴിമതിയുടെ കറപുരളാതെ സൂക്ഷിച്ച അപൂര്‍വം നേതാക്കളിലൊരാള്‍. കെപി നൂറുദ്ദീന്‍ വിടപറയുമ്പോള്‍ അവസാനിക്കുന്നത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ തീഷ്ണമായ ഒരു കാലഘട്ടം കൂടിയാണ്.

നൂറ് എന്ന അറബി വാക്കിനര്‍ഥം പ്രകാശം എന്നാണ്. കേരളത്തിലെ ആദര്‍ശ രാഷ്ട്രീയത്തിന്റെൂ പ്രകാശമാനമായ പേരായിരുന്നു കെപി നൂറുദ്ദീന്‍. 1939 ല്‍ പയ്യന്നൂരിനടുത്ത കുറ്റൂരിലായിരുന്നു കെപി നൂറുദ്ദീന്റെ ജനനം. യൂത്ത് കോണ്‍ഗ്രസിന്റെ കുറ്റൂര്‍ യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച നൂറുദ്ദീന്‍ 1972 ല്‍ കെപിസിസിയുടെ ട്രഷറര്‍ പദവിയിലെത്തി. ഇക്കാലത്ത് കണ്ണൂര്‍ ഡിസിസിയുടെ സെക്രട്ടറിയായും നൂറുദ്ദീന്‍ പ്രവര്‍ത്തിച്ചു. കണ്ണൂരില്‍ എന്‍ രാമകൃഷ്ണന്‍ സിപിഎമ്മുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്ന അക്കാലത്ത് രാമകൃഷ്ണന്റെ വലം കൈയ്യായി നിന്നത് നൂറുദ്ദീനായിരുന്നു.

1976 മുതല്‍ 82 വരെ വീക്ഷണം ദിനപത്രത്തെ നയിച്ചതും കെപി നൂറുദ്ദീന്‍ ആയിരുന്നു. 1977 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ പേരാവൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1982ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ വനം കായിക മന്ത്രിയായി പ്രവര്‍ത്തിച്ചു. തട്ടേക്കാടും ആറളവുമടക്കമുളള വന്യജീവി സങ്കേതങ്ങള്‍ ആരംഭിച്ചത് ഇക്കാലത്താണ്. 1996ല്‍ പേരാവൂരില്‍ നിന്നും കെടി കുഞ്ഞഹമ്മദിനോട് 126 വോട്ടുകള്‍ക്ക് പരാജയപ്പെട്ട നൂറുദ്ദീന്‍ പിന്നീട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണമായി വിട്ടു നിന്നു.

നിലവില്‍ കെപിസിസി നിര്‍വ്വാഹക സമിതി അംഗമായ നൂറുദ്ദീന്‍ അവസാനകാലം ചെലവഴിച്ചത് ആരോഗ്യ എന്ന ആയുര്‍വേദ ആശുപത്രി കേന്ദ്രീകരിച്ചായിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് നൂറുദ്ദീന്‍ സ്ഥാപിച്ച ഈ സ്ഥാപനം കണ്ണൂരിലെ എ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പ്രവര്‍ത്തന കേന്ദ്രം കൂടിയായിരുന്നു. കണ്ണൂരിന്റെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തും മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയാണ് കെപി നൂറുദ്ദീന്‍ എന്ന നേതാവ് കാലയവനികക്കുളളില്‍ മറയുന്നത്.