LiveTV

Live

Kerala

പ്രതിസന്ധിഘട്ടങ്ങളിലും നിലപാടുകളില്‍ ഉറച്ചു നിന്ന മേഴ്‌സിക്കുട്ടിയമ്മ

Summary
എന്നും തൊഴിലാളി സമരങ്ങളുടെ മുന്‍നിരയില്‍ നിന്നിട്ടുള്ള മേഴ്‌സിക്കുട്ടിയമ്മ മന്ത്രി പദത്തിലേക്ക് ഉയരുമ്പോള്‍ കശുവണ്ടി മേഖല അടക്കമുളള പരാമ്പരാഗത വ്യവസായങ്ങള്‍ വലിയ പ്രതീക്ഷയിലാണ്

കെ ആര്‍ ഗൗരിയമ്മക്ക് ശേഷം സിപിഎം കണ്ട ഏറ്റവും കരുത്തുറ്റ വനിതാ നേതാവാണ് ജെ മേഴ്‌സിക്കുട്ടിയമ്മ. പ്രതിസന്ധിഘട്ടങ്ങളിലും നിലപാടുകളില്‍ ഉറച്ചു നിന്നു വെന്നതാണ് അണികള്‍ക്കിടയില്‍ എന്നും മേഴ്‌സിക്കുട്ടിയമ്മയെ പ്രിയങ്കരിയാക്കുന്നത്. എന്നും തൊഴിലാളി സമരങ്ങളുടെ മുന്‍നിരയില്‍ നിന്നിട്ടുള്ള മേഴ്‌സിക്കുട്ടിയമ്മ മന്ത്രി പദത്തിലേക്ക് ഉയരുമ്പോള്‍ കശുവണ്ടി മേഖല അടക്കമുളള പരാമ്പരാഗത വ്യവസായങ്ങള്‍ വലിയ പ്രതീക്ഷയിലാണ്

കൊല്ലം മണ്‍റോത്തുരുത്തിലെ മുല്ലശേരി വീട്ടില്‍ സാമൂഹിക പ്രവര്‍ത്തകനായിരുന്ന ഫ്രാന്‍സിസിന്‍റെയും ജൈനമ്മയുടെയും മകളായി 1957 ലാണ് ജെ മേഴ്‌സിക്കുട്ടിയമ്മ ജനിച്ചത്. വിദ്യാര്‍ത്ഥി രാഷ്ടരീയത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വളര്‍ന്ന മേഴ്‌സിക്കുട്ടിയമ്മ 1987 ല്‍ കുണ്ടറയില്‍ നിന്നും ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ‌

1995 ല്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗമായി. 2001 ല്‍ കടവൂര്‍ ശിവദാവനോട് കുണ്ടറയില്‍ പരാജയപ്പെട്ട ശേഷം ഇത്തവണയാണ് വീണ്ടും മത്സരരംഗത്തേക്ക് വന്നത്. പ്രതിസന്ധിഘട്ടങ്ങളിലും നിലപാടുകളില്‍ വിട്ടവീഴ്ച്ചയ്‌ക്കൊരുങ്ങിയില്ലെന്നതാണ് എന്നും മേഴ്‌സിക്കുട്ടിയെ വ്യത്യസ്ഥയാക്കുന്നത്. സിപിഎം രാഷ്ട്രീയത്തിലെ വിഭാഗീയതയുടെ നാളുകളില്‍ വിഎസിനൊപ്പം നിന്നിട്ടുള്ള മേഴ്‌സിക്കുട്ടി പാര്‍ട്ടിയില്‍ വിഎസ് അപ്രസക്തനാകുമ്പോഴും വിട്ടുവീഴ്ച്ചയ്‌ക്കൊരുങ്ങിയിട്ടില്ല.

കശുവണ്ടി അഴിമതിയില്‍ എളമരം കരീം അടക്കമുള്ള സിപിഎം നേതാക്കള്‍ ആര്‍ ചന്ദ്രശേഖരനെ പിന്തുണച്ചപ്പോള്‍ കള്ളന്‍മാരെ അടിച്ചുപുറത്താക്കാന്‍ ആഹ്വാനം ചെയ്തത് മെഴ്സിക്കുട്ടിയമ്മയുടെ ഉറച്ച നിലപാടുകളുടെ ഒടുവിലത്തെ ഉദാഹരണമാണ്. സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് കൂടിയായ മേഴ്‌സിക്കുട്ടിയമ്മ മന്ത്രി പദത്തിലേക്കെത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് കശുവണ്ടി തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്കുള്ളത്.