LiveTV

Live

Kerala

കുറുവ ദ്വീപിലെ സന്ദര്‍ശക നിയന്ത്രണം പിന്‍വലിക്കണം; സമരം ശക്തമാവുന്നു

കുറുവ ദ്വീപിലെ സന്ദര്‍ശക നിയന്ത്രണം പിന്‍വലിക്കണം; സമരം ശക്തമാവുന്നു
Summary
വയനാട് കുറുവ ദ്വീപില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേത‍ൃത്വത്തില്‍ നടക്കുന്ന സമരം ശക്തമാവുന്നു.

വയനാട് കുറുവ ദ്വീപില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേത‍ൃത്വത്തില്‍ നടക്കുന്ന സമരം ശക്തമാവുന്നു. കുറുവയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം 1050 ആയി ഉയര്‍ത്തികൊണ്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ഇറക്കിയെങ്കിലും നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കുന്നതുവരെ സമരം തുടരാനാണ് സിപിഎം തീരുമാനം.

അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് പ്രകാരം 200 പേരെ മാത്രമാണ് ദ്വീപിലേക്ക് ഇപ്പോള്‍ പ്രവേശിപ്പിക്കുന്നത്. ഇത് വിനോദ സഞ്ചാര മേഖലയേയും കച്ചവടക്കാരെയും പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് സിപിഎം ഉന്നയിക്കുന്ന ആരോപണം. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച്ച മുതലാണ് ഒ ആര്‍ കേളു എം എല്‍ എയുടെ നേതൃത്വത്തില്‍ സിപിഎം പ്രത്യക്ഷ സമരം ആരംഭിച്ചത്. സമരത്തെ തുടര്‍ന്ന് സന്ദര്‍ശകരുടെ എണ്ണം 950 ആയി ഉയര്‍ത്തിക്കൊണ്ട് കലക്ടര്‍ ഉത്തരവിറക്കിയിരുന്നു.

എന്നാല്‍ വനം വകുപ്പിന് ഇത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിക്കാത്തതിനാല്‍ ഉത്തരവ് നടപ്പായില്ല. ഇന്നലെ നടന്ന ചര്‍ച്ചയിലാണ് സന്ദര്‍ശകാനുമതി 1050 ആയി ഉയര്‍ത്തികൊണ്ട് പ്രന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്. എന്നാല്‍ സന്ദര്‍ശക നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് സിപിഎം തീരുമാനം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് കുറുവയിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. വനം വകുപ്പിന്റെ നിയന്ത്രണം ലംഘിച്ചു കൊണ്ട് മുഴുവന്‍ ആളുകളും കുറുവയിലേക്ക് പ്രവേശിക്കും. ഭാവി സമര പരിപാടികള്‍ കുറുവയില്‍ വെച്ച് പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.