LiveTV

Live

Kerala

പുഴുവരിക്കുന്ന ഇറച്ചി വിറ്റതായി പരാതി; കോഴിക്കട പൂട്ടിച്ചു

പുഴുവരിക്കുന്ന ഇറച്ചി വിറ്റതായി പരാതി; കോഴിക്കട പൂട്ടിച്ചു
Summary
കടയില്‍ നിന്നും വാങ്ങിയ ഇറച്ചിയിൽ നിന്നും പുഴുവരിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഉപഭോക്താവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

കേടുവന്ന മാംസം വില്‍പന നടത്തിയ കോഴിക്കട ആരോഗ്യ വകുപ്പ് പൂട്ടിച്ചു. കോഴിക്കോട് തൊട്ടിൽപ്പാലത്തെ സിപിആര്‍ ചിക്കൻ സ്റ്റാൾ ആണ് പൂട്ടിയത്. കടയില്‍ നിന്നും വാങ്ങിയ ഇറച്ചിയിൽ നിന്നും പുഴുവരിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഉപഭോക്താവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

തൊട്ടിൽപ്പാലം ടൗണിലെ ഓട്ടോ ഡ്രൈവർ അജേഷ് വാങ്ങിയ കോഴിയിറച്ചി വീട്ടിൽ കൊണ്ടുവന്നപ്പോൾ ഇറച്ചിയിൽ നിന്നും പുഴുവരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ഇതേതുടർന്ന് മാംസം കടയിൽ തന്നെ തിരിച്ച് നൽകി വിവരം തൊട്ടിൽപ്പാലം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസും പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച് ദുര്‍ഗന്ധം വമിക്കുന്ന രീതിയില്‍ കൂടുതല്‍ മാംസം കണ്ടെത്തിയത്. വൃത്തിഹീനമായ ചുറ്റുപാടിൽ മൃതപ്രായരായ കോഴികളെയും കണ്ടതോടെ ചിക്കൻ സ്റ്റാൾ അടച്ച് പൂട്ടാൻ അധികൃതര്‍ ഉത്തരവിട്ടു. ഒരാഴ്ച മുമ്പ് വിവാഹ സൽക്കാരത്തിനായി ഇവിടെ നിന്നു വാങ്ങിയ ഒരു ക്വിന്റൽ മാംസം കേട് വന്ന് ഉപയോഗിക്കാന്‍ കഴിയാതെ വന്നതായും പരാതിയുണ്ട്.