LiveTV

Live

Kerala

മീനാക്ഷിയുടെ എ പ്ലസ് വിജയത്തിന് തിളക്കമേറെ

മീനാക്ഷിയുടെ എ പ്ലസ് വിജയത്തിന് തിളക്കമേറെ
Summary
സ്കൂള്‍ പഠനം പാതിവഴിയില്‍ നില്‍ക്കുമ്പോള്‍ ജീവിതമാര്‍ഗം തേടി തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കുടുംബത്തോടൊപ്പം വന്ന പെണ്‍കുട്ടിയാണ് മീനാക്ഷി.

സ്കൂള്‍ പഠനം പാതിവഴിയില്‍ നില്‍ക്കുമ്പോള്‍ ജീവിത മാര്‍ഗത്തിനായി തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കുടുംബത്തോടൊപ്പം വന്ന പെണ്‍കുട്ടിയാണ് മീനാക്ഷി. എന്നാല്‍ എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം എസ്എസ്‍എല്‍സി കഴിഞ്ഞപ്പോള്‍ പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് കേരള സിലബസില്‍ മലയാളിക്കുട്ടികളെപ്പോലും പിന്നിലാക്കി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയാണ് മീനാക്ഷി പാസ്സായത്. ആലപ്പുഴ കളര്‍‍കോഡ് ഗാന്ധാര്‍ അമ്മന്‍ കോവിലിന് സമീപം അമ്മയോടൊപ്പം താമസിക്കുന്ന മീനാക്ഷിയാണ് മിന്നുന്ന വിജയത്തോടെ നാടിന്റെ അഭിമാനമായത്.

എട്ട് വര്‍ഷം മുമ്പ് ആലപ്പുഴ തിരുവമ്പാടി എച്ച്എസ്എസില്‍ ചേര്‍ന്നപ്പോള്‍ മലയാളമറിയാത്തതിന് കൂട്ടുകാരെല്ലാം കളിയാക്കുമായിരുന്നു മീനാക്ഷിയെ. ആലപ്പുഴയില്‍ ദോശമാവ് കച്ചവടം നടത്തി ജീവിക്കാനായി ഗോവിന്ദരാജും ഭാര്യ രാജലക്ഷ്മിയും കേരളത്തിലേക്ക് വന്നപ്പോള്‍ കൂടെ വന്നതാണ് മകള്‍ മീനാക്ഷിയും. പിന്നീട് ഒരു ആന്റിയുടെ സഹായത്തോടെ മലയാളം പഠിച്ചെടുത്തു. ക്ലാസില്‍ പഠിപ്പിക്കുന്ന വിഷയങ്ങളെല്ലാം താല്പര്യത്തോടെ പഠിച്ചു. ശാസ്ത്രീയ നൃത്തവും അഭ്യസിച്ചു. പക്ഷേ രണ്ട് വര്‍ഷം മുമ്പ് അച്ഛന്‍ ഗോവിന്ദരാജ് മരിച്ചു. പിന്നീട് അമ്മ രാജലക്ഷ്മിയാണ് മാവ് കച്ചവടം നോക്കി നടത്തുന്നതും മകളെ പഠിക്കാനയക്കുന്നതുമെല്ലാം.

ഒരു പ്രതിസന്ധിയിലും തളരാതെ മലയാളമടക്കം എല്ലാ വിഷയങ്ങളിലും എ പ്ലസോടെ എസ്എസ്എല്‍സി പാസ്സായി കളിയാക്കിയവരെക്കൊണ്ടൊക്കെ മീനാക്ഷി കയ്യടിപ്പിച്ചു. ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമയായ ഗോപകുമാറും കുടുംബവും നല്‍കിയ പിന്തുണയും സഹായവും കൊണ്ടാണ് മീനാക്ഷിയും അമ്മയും ഇതുവരെ പിടിച്ചു നിന്നത്. ഇനി ആഗ്രഹങ്ങള്‍ നടക്കുമോയെന്നറിയില്ലെന്ന് മീനാക്ഷി പറയുന്നത് അമ്മയുടെ ബുദ്ധിമുട്ട് നന്നായി അറിയാവുന്നതുകൊണ്ടാണ്.