LiveTV

Live

Kerala

ബിഡിജെഎസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന് ബിജെപി തീരുമാനം

ബിഡിജെഎസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന് ബിജെപി തീരുമാനം
Summary
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പങ്കെടുത്ത യോഗത്തിലാണ് ബിഡിജെഎസിനെ ഒഴിവാക്കാന്‍ ധാരണയായത്.

ചെങ്ങന്നൂരില്‍ ബിഡിജെഎസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന് ബിജെപി തീരുമാനം. ബിഡിജെഎസിനെ ഒഴിവാക്കി മണ്ഡലം കണ്‍വെന്‍ഷന്‍ വിളിക്കാനും എന്‍ഡിഎ തീരുമാനിച്ചു. ഞായറാഴ്ചയാണ് കണ്‍വെന്‍ഷന്‍.

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പങ്കെടുത്ത യോഗത്തിലാണ് ബിഡിജെഎസിനെ ഒഴിവാക്കാന്‍ ധാരണയായത്. ഇടഞ്ഞ് നില്‍ക്കുന്ന ബിഡിജെഎസിനെ അനുയിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങള്‍ പരാജയപ്പെട്ടതോടെയാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി മുന്നോട്ട് പോകാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.

ബിസിജെഎസ് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും കേന്ദ്ര നേതൃത്വം പരിഹാരത്തിന് ഇടപെടാത്തതും ബിജെപി സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ പ്രതിസന്ധിയായി നില്‍ക്കുന്നുണ്ട്. എന്നാല്‍ മറ്റ് രണ്ട് മുന്നണികളും പ്രചരണത്തില്‍ മുന്നോട്ട് പോകുമ്പോള്‍ ബിഡിജെഎസിനെ കാത്തിരുന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ബിഡിജെഎസുമായി പ്രശ്‌നങ്ങള്‍ ഇല്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് എന്‍ഡിഎ നേതാക്കള്‍.

കണ്‍വെന്‍ഷന്‍ കഴിഞ്ഞാല്‍ കേന്ദ്ര മന്ത്രിമാരേയും, കേന്ദ്ര നേതാക്കളേയും പ്രചരണത്തിന് ഇറക്കി ബിഡിജെഎസ് ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷ.