LiveTV

Live

Kerala

സ്കൂളുകളില്‍ അവധിക്കാലക്ലാസുകൾക്ക് നിരോധനം

സ്കൂളുകളില്‍ അവധിക്കാലക്ലാസുകൾക്ക് നിരോധനം
Summary
സിബിഎസ്ഇ-ഐസിഎസ്ഇ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും സർക്കുലർ ബാധകം

സംസ്ഥാനത്ത് സ്കൂളുകളിലെ വെക്കേഷൻ ക്ലാസുകൾ നിരോധിച്ച് ഡിപിഐയുടെ സർക്കുലർ. സിബിഎസ്ഇ-ഐസിഎസ്ഇ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും സർക്കുലർ ബാധകം. വെക്കേഷൻ ക്യാമ്പുകൾ പ്രത്യേക അനുമതി വാങ്ങണമെന്നും നിർദേശം.

ഏപ്രിൽ-മെയ് മാസങ്ങളിൽ സ്കൂളുകളിൽ ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി വെക്കേഷൻ ക്ലാസ്സുകൾ നിരോധിച്ച സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് സ്കൂളുകളിൽ വെക്കേഷൻ ക്ലാസ്സുകൾ നടത്താൻ തയ്യാറെടുക്കുകയാണെന്ന പരാതി വിദ്യാഭ്യാസവകുപ്പിനും ബാലവാകാശ കമ്മീഷനും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡിപിഐ പുതിയ സർക്കുലർ പുറത്തിറക്കിയത്.

സംസ്ഥാനത്തെ സ്റ്റേറ്റ് സിബിഎസ്ഇ-ഐസിഎസ്ഇ തുടങ്ങിയ എല്ലാ ധാരകളിലും ഉള്ള സ്കൂളുകളിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ വെക്കേഷൻ ക്ലാസുകൾ നടത്താൻ പാടില്ല. നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പ്രധാനാധ്യാപകൻ ഉൾപ്പെടെ സ്കൂൾ അധികൃതർക്കെതിരെ കർശന നടപടിയെടുക്കും. ക്ലാസുകൾ നടത്തുന്നതിനിടെ കുട്ടികൾക്ക് വേനൽ ചൂടു നിമിത്തമോ യാത്രക്കിടയിലോ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ സ്കൂൾ അധികൃതർ ഉത്തരവാദിയായിരിക്കുമെന്ന് സർക്കുലർ വ്യക്തമാക്കുന്നു.

അവധിക്കാല ക്യാമ്പുകൾ നടത്തണമെങ്കിൽ പ്രത്യേകം അനുമതിക്കായി ഡിപിഐയോട് അനുമതി തേടണം. പരിശോധനക്ക് ശേഷം പരമാവധി ഏഴു ദിവസത്തെ ക്യാമ്പിലുള്ള അനുമതി ഡിപിഐ നൽകും. ഈ ക്യാമ്പുകളിലും കുട്ടികൾക്ക് കുടിവെള്ളം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും സ്കൂളധികൃതർ ഒരുക്കണം. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം പരിശോധിക്കുകയും ചെയ്യും. അവധിക്കാലം കുട്ടികളുടെ മാനസിക ഉല്ലാസത്തിന്റെ സമയമായതിനാൽ ആ രീതിയിൽ അനുഭവപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ഡിപിഐ നിർദേശം പുറപ്പെടുവിച്ചത്. സർക്കുലർ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രധാന അധ്യാപകർക്കും അയച്ചിട്ടുണ്ട്.