LiveTV

Live

Kerala

വിധവകളായ അന്തേവാസികള്‍ കുടിയിറക്ക് ഭീഷണിയില്‍

വിധവകളായ അന്തേവാസികള്‍ കുടിയിറക്ക് ഭീഷണിയില്‍
Summary
വിധവകളായ അമ്മമാരെ പുനരധിവസിപ്പിക്കുന്നതിനായി തൃശൂര്‍ സീറോ മലബാര്‍ സഭ രൂപത നല്‍കിയ ഭൂമിയില്‍ നിന്നാണ് അന്തേവാസികളെ പുറത്താക്കാന്‍ ശ്രമം

വിധവകളായ അമ്മമാരെ പുനരധിവസിപ്പിക്കുന്നതിനായി തൃശൂര്‍ സീറോ മലബാര്‍ സഭ രൂപത നല്‍കിയ ഭൂമിയില്‍ നിന്നും അന്തേവാസികളെ പുറത്താക്കാന്‍ ശ്രമം. 30 വര്‍ഷം മുമ്പ് തൃശൂര്‍ പുല്ലഴിയിലെ സെന്റ് ക്രിസ്റ്റീന ഹോമിലെ അന്തേവാസികളായിരുന്ന സ്ത്രീകളെ പാലക്കാട് എരുത്തേമ്പതിയില്‍ നല്‍കിയ ഭൂമിയില്‍ നിന്നാണ് സഭ തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നത്.

സീറോ മലബാര്‍ സഭ തൃശൂര്‍ രൂപതക്ക് കീഴില്‍ പുല്ലഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ക്രിസ്റ്റീന ഹോമിലെ അന്തേവാസികള്‍ക്ക് വേണ്ടി 1980ലാണ് പാലക്കാട് എരുത്തേമ്പതി പഞ്ചായത്തിലെ എല്ലന്‍ പട്ടാന്‍ കോവിലില്‍ എണ്‍പത് ഏക്കറോളം സ്ഥലം വാങ്ങിയത്. ക്രിസ്റ്റീന ഹോമിന്റെ അന്നത്തെ ഡയറക്ടര്‍ അന്തരിച്ച ഫാദര്‍ ജോസഫ് വിളങ്ങാടന്റെ പേരിലായിരുന്നു രജിസ്ട്രേഷന്‍. 1985 മുതല്‍ മുപ്പത്തിയഞ്ച് അന്തേവാസികള്‍ക്ക് ഇവിടെ വീടും ഒരേക്കര്‍ സ്ഥലവും നല്‍കി. വര്‍ഷം മുപ്പത് കഴിഞ്ഞു. ഈ ഭൂമിയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നാണ് സീറോ മലബാര്‍ സഭയും ക്രിസ്റ്റീന ഹോമിന്റെ പുതിയ മാനേജ്മെന്റും ഇവരോട് ഇപ്പോള്‍ പറയുന്നത്.

ഇരുപത് ഏക്കര്‍ സ്ഥലവും വീടും നല്‍കാമെന്നും, ബാക്കി ഭൂമി ക്രിസ്റ്റീന ഹോമിന് കീഴില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന മഠത്തിന് വിട്ട് നല്‍കണമെന്നുമാണ് സഭ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ വര്‍ഷങ്ങളായി തങ്ങള്‍ കൃഷി ചെയ്ത് ജീവിച്ച ഭൂമി വിട്ട് നല്‍കുന്നത് എങ്ങനെയെന്ന് ഇവര്‍ ചോദിക്കുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷമായി ഭൂ നികുതിക്കും കെട്ടിട നികുതിക്കുമായി മഠം ഇവരില്‍ നിന്ന് പണം പിരിക്കുന്നുണ്ട്. ഇതിനൊന്നും രസീത് നല്‍കിയിരുന്നില്ല. ഭൂമിയുടെ ആധാരവും ഇവരുടെ പേരിലേക്ക് മാറ്റിയിരുന്നില്ല. ഇതെല്ലാം അന്തേവാസികളെ പുറത്താക്കാനുള്ള വഴി സഭക്ക് മുന്നില്‍ എളുപ്പമാക്കുന്നു