LiveTV

Live

Kerala

ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് വന്‍ക്രമക്കേടുകള്‍

ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് വന്‍ക്രമക്കേടുകള്‍
Summary
പണം വെട്ടിച്ചും സര്‍ക്കാരിന് നഷ്ടമുണ്ടാകുന്ന തരത്തില്‍ കരാര്‍ നല്‍കിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തട്ടിയത് ലക്ഷക്കണക്കിന് രൂപയാണ്

സംസ്ഥാനത്ത് വിവിധ പരാതികളില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് വന്‍ക്രമക്കേടുകള്‍. പണം വെട്ടിച്ചും സര്‍ക്കാരിന് നഷ്ടമുണ്ടാകുന്ന തരത്തില്‍ കരാര്‍ നല്‍കിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തട്ടിയത് ലക്ഷക്കണക്കിന് രൂപയാണ്. തട്ടിപ്പ് നടത്തിയ പലര്‍ക്കുമെതിരെ പേരിനുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചത്.

വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ ക്രമക്കേട് നടന്നതായി ലഭിച്ച പരാതിയിലായിരുന്നു അന്വേഷണം. എറണാകുളം ജില്ലയിലെ വിവിധ പരാതികളില്‍ നടത്തിയ അന്വേഷണത്തില്‍ പൊതുമരാമത്ത് വകുപ്പിലെ കേസുകളില്‍ സര്‍ക്കാരിനെതിരെ വിധിയുണ്ടാക്കുന്നതിന് ജീവനക്കാര്‍ മനപൂര്‍വ്വം അവസരം ഒരുക്കുന്നുവെന്ന് കണ്ടെത്തി. ഹൈകോടതിയില്‍ അനുബന്ധ ഫയലുകള്‍ ഹാജരാക്കാത്തത് മൂലം വിവിധ കേസുകളിലായി 6 കോടിയോളം രൂപയാണ് സര്‍ക്കാരിന് അധികം നല്‍കേണ്ടി വന്നത്.

വയനാട് മാനന്തവാടി കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ 151 തവണയായി 89 ലക്ഷം രൂപയാണ് രേഖകളില്ലാതെ പിന്‍വലിച്ചത്. ടെണ്ടര്‍ വിളിക്കാതെ സൌജന്യ യൂണിഫോം പദ്ധതിക്ക് ഉയര്‍ന്ന നിരക്കില്‍ കരാര്‍ നല്‍കുക, പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ തുക ചെലവഴിക്കാതെ വ്യാജബില്ലുണ്ടാക്കുക, ക്യാഷ് ബുക്കില്‍ തിരുത്തല്‍ വരുത്തുക എന്നിങ്ങനെ വിവിധ വഴികളിലൂടെ പണം തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയെങ്കിലും പലര്‍ക്കുമെതിരെ പേരിന് മാത്രമാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

ചൊവ്വന്നൂര്‍ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ 3 ലക്ഷം രൂപ വെട്ടിച്ചതായി കണ്ടെത്തിയെങ്കിലും പണം തിരികെ അടച്ചതുകൊണ്ട് ഇന്‍ക്രിമെന്റ് റദ്ദാക്കുക മാത്രമാണുണ്ടായത്. മാത്രമല്ല അഴിമതി നടത്തിയ ഉദ്യോഗസ്ഥന് പിന്നീട് പ്രമോഷനും ലഭിച്ചു.