LiveTV

Live

Kerala

ഫോണ്‍ കെണി: ഹരജി പരിഗണിക്കുന്നത് മാര്‍ച്ച് 14 ലേക്ക് മാറ്റി

ഫോണ്‍ കെണി: ഹരജി പരിഗണിക്കുന്നത് മാര്‍ച്ച് 14 ലേക്ക് മാറ്റി
Summary
മന്ത്രി ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസിലെ ഹരജികൾ പരിഗണിക്കുന്നത് ഹൈകോടതി മാര്‍ച്ച് 14 ലേക്ക് മാറ്റി. ‍

മന്ത്രി ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസിലെ ഹരജികൾ പരിഗണിക്കുന്നത് ഹൈകോടതി മാര്‍ച്ച് 14 ലേക്ക് മാറ്റി. ‍മാധ്യമ പ്രവർത്തകയും മന്ത്രിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്, കേസുകളിൽ പ്രതിയായ ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്റർ നൽകിയ ഹരജിയും, കേസ് ഒത്തുതീർപ്പാക്കിയത് ചോദ്യം ചെയ്ത് തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മി നൽകിയ ഹരജിയുമാണ് പരിഗണിക്കുന്നതിനായി മാര്‍ച്ച് 14 ലേക്ക് മാറ്റിയത്.

തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മി നൽകിയ ഹരജിയിൽ കേസ് ഒത്തുതീർപ്പിലേക്കെത്തിയതിന്റെ പശ്ചാത്തലം, കേസ് അതിവേഗം തീര്‍പ്പാക്കിയ രീതി, ഹരജിക്കാരിക്ക് കേസില്‍ ഇടപെടാനുള്ള അവകാശം തുടങ്ങിയ കാര്യങ്ങളിൽ നിലപാടറിയിക്കാൻ സർക്കാരിന് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാല്‍, മഹാലക്ഷ്മിയുടെ ഹരജി പരിഗണിക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഹരജിക്കാരിയുടെ മേല്‍വിലാസം വ്യാജമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ ടി.വി ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസുകളുടെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് കോടതി നേരത്തെ നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രി എ. കെ ശശീന്ദ്രന്‍ ആരോപണ വിധേയനായ കേസിന്റെ വിവരങ്ങള്‍ അറിയിക്കാനാണ് ക്രൈംബ്രാഞ്ചിന് ഹൈകോടതി നിർദേശം നൽകിയിരിക്കുന്നത്​. ഈ കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും, എ. കെ ശശീന്ദ്രനും, ഇരയെന്ന് ആരോപണമുന്നയിച്ച മാധ്യമ പ്രവർത്തകയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് സി.ബി.ഐ അന്വേഷിക്കണമെന്നുമാണ് സീനിയര്‍ ന്യസ് എഡിറ്റര്‍ നല്‍കിയ ഹരജിയിലെ ആവശ്യം.

കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.​