LiveTV

Live

Kerala

വീണ്ടും സമരവുമായി വയല്‍ക്കിളികള്‍

വീണ്ടും സമരവുമായി വയല്‍ക്കിളികള്‍
Summary
നെല്‍വയല്‍ നികത്തി ബൈപ്പാസ് നിർമ്മിക്കാനുളള നീക്കത്തിനെതിരെ കണ്ണൂര്‍ കീഴാറ്റൂരില്‍ നാട്ടുകാര്‍ രണ്ടാം ഘട്ട സമരം ആരംഭിക്കുന്നു

കീഴാറ്റൂർ വീണ്ടും സമരമുഖത്തേക്ക്. നെല്‍വയല്‍ നികത്തി ബൈപ്പാസ് നിർമ്മിക്കാനുളള നീക്കത്തിനെതിരെ കണ്ണൂര്‍ കീഴാറ്റൂരില്‍ നാട്ടുകാര്‍ രണ്ടാം ഘട്ട സമരം ആരംഭിക്കുന്നു. നെല്‍വയല്‍ ഉള്‍പ്പെടുന്ന പ്രദേശം ദേശീയ പാതക്കായി ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയ പശ്ചാത്തലത്തിലാണ് സമരം പുനരാരംഭിക്കുന്നത്.നാളെ മുതല്‍ താലൂക്ക് ഓഫീസിനു മുന്നില്‍ സമര സമിതി നേതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.

സി.പി.എം ശക്തി കേന്ദ്രമായ കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ പാര്‍ട്ടി അംഗങ്ങള്‍ അടക്കമുളളവര്‍ സമരരംഗത്ത് എത്തിയത് സി.പി.എമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. 19 ദിവസം നീണ്ടു നിന്ന സമരത്തിനൊടുവില്‍ മന്ത്രി ജി.സുധാകരന്‍ സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറായി. വയല്‍ ഒഴിവാക്കി ബൈപ്പാസ് നിര്‍മിക്കാനുളള ബദല്‍ സാധ്യതകള്‍ ആരായാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍ വയല്‍ക്കിളികള്‍ എന്ന് പേരിട്ട കീഴാറ്റൂരിലെ സമരസമിതിയും സി.പി.എമ്മും തമ്മിലുളള ആഭ്യന്തര സംഘര്‍ഷത്തിന് ശമനമുണ്ടായില്ല. സമരത്തിന് മുന്നില്‍ നിന്ന പതിനൊന്ന് പാര്‍ട്ടി അംഗങ്ങളെ സിപിഎം പുറത്താക്കി. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം കീഴാറ്റൂരിലെ നെല്‍വയല്‍ ഏറ്റെടുത്ത് ബൈപ്പാസ് നിര്‍മ്മാണവുമായി മുന്നോട്ട് പോകാന്‍ ദേശീയപാത അതോറിറ്റി തീരുമാനമെടുത്തത്. ഇതിന് മുന്നോടിയായി വയല്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഈ മാസം നാലിന് പുറത്തിറങ്ങുകയും ചെയ്തു. തുടര്‍ന്നാണ് നാളെ മുതല്‍ സമരം ശക്തമാക്കാന്‍ വയല്‍ക്കിളികള്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നാളെ രാവിലെ മുതല്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിനു മുന്നില്‍ സമര സമിതി നേതാക്കള്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കും.സമരത്തിന് പിന്തുണ അറിയിച്ച സി.പി.ഐ അടക്കമുളള പാര്‍ട്ടികളെ കൂടി സമരരംഗത്ത് അണിനിരത്താനാണ് വയല്‍ക്കിളികളുടെ തീരുമാനം.