LiveTV

Live

Kerala

ഐസക്കിന്റെ കടൽത്തീര സംരക്ഷണ പദ്ധതി തള്ളി സിപിഎം

ഐസക്കിന്റെ കടൽത്തീര സംരക്ഷണ പദ്ധതി തള്ളി സിപിഎം
Summary
മണൽച്ചാക്കുകളും കയർ ഭൂവസ്ത്രവുമിട്ട് തീരം സംരക്ഷിക്കാനുള്ള ഐസക്കിന്റെ പദ്ധതി ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടാൽ മാത്രം ആലോചിക്കാം

ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ കടൽത്തീര സംരക്ഷണ പദ്ധതിയെ തള്ളിക്കളഞ്ഞ് സി പി എം ആലപ്പുഴ ജില്ലാ സമ്മേളനം. 90 കിലോമീറ്റര്‍ ദൂരത്തിലുള്ള തീരം കടൽഭിത്തി കെട്ടി സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മണൽച്ചാക്കുകളും കയർ ഭൂവസ്ത്രവുമിട്ട് തീരം സംരക്ഷിക്കാനുള്ള ഐസക്കിന്റെ പദ്ധതി ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടാൽ മാത്രം ആലോചിക്കാമെന്ന് സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാൻ പറഞ്ഞു.

തീരപ്രദേശം കടലെടുത്തു പോകാതിരിക്കാൻ ചാക്കുകളിൽ മണലിട്ട് മതിൽ നിർമ്മിക്കുകയും അതിനു മുകളിൽ കയർ ഭൂവസ്ത്രം വിരിച്ച് അത് സംരക്ഷിക്കുകയും ചെയ്യുകയെന്നായിരുന്നു തോമസ് ഐസക് മുന്നോട്ടുവെച്ച പദ്ധതി. കയറിന്റെ ആവശ്യകത വർദ്ധിപ്പിക്കലും കരിങ്കല്ലിന്റെ ദൗർലഭ്യം മറികടക്കലും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഇല്ലാത്തതും ഗുണഫലങ്ങളായി ചൂണ്ടിക്കാട്ടി. എന്നാൽ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ എതിരാളികളും വിവിധ മത്സ്യത്തൊഴിലാളി സംഘടനകളും നേരത്തെതന്നെ ഈ ആശയത്തെ എതിർത്ത് കരിങ്കൽ ഭിത്തി കെട്ടണമെന്നാവശ്യപ്പെട്ടു. ഓഖിയെത്തുടർന്നുണ്ടായ കടൽ ക്ഷോഭത്തിൽ മണൽച്ചാക്കുകൾ ഇട്ടയിടങ്ങളിൽ അവ ഒലിച്ചുപോയത് പ്രതിഷേധത്തിന്റെ ശക്തി കൂട്ടി.

തീരസംരക്ഷണം ഒരു വിഷയമായി ചർച്ച ചെയ്ത സി പി എം ജില്ലാ സമ്മേളനം തോമസ് ഐസക്കിന്റെ പദ്ധതി തള്ളുകയായിരുന്നു. തീരം സംരക്ഷിക്കാൻ കരിങ്കൽ ഭിത്തിയാണ് ഫലപ്രദമെന്നാണ് ഇപ്പോഴത്തെ അനുഭവമെന്നും മറിച്ച് തെളിയിക്കപ്പെട്ടാൽ മണൽച്ചാക്കിന്റെ കാര്യം അപ്പോൾ ആലോചിക്കാമെന്നും സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാൻ പറഞ്ഞു. ഫലത്തിൽ രാഷ്ട്രീയ എതിരാളികൾ നേരത്തെ തള്ളിക്കളഞ്ഞ തോമസ് ഐസക്കിന്റെ പദ്ധതി സി പി എമ്മും ഇപ്പോൾ ഔദ്യോഗികമായി തള്ളിക്കളഞ്ഞിരിക്കുകയാണ്.