LiveTV

Live

Kerala

തമിഴ്നാടിന്റെ നിസഹകരണം; യോഗം ചേരാന്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയുടെ തീരുമാനം 

തമിഴ്നാടിന്റെ നിസഹകരണം; യോഗം ചേരാന്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയുടെ തീരുമാനം 
Summary
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഓപറേറ്റിംഗ് മാനുവല്‍ അടക്കമുള്ള സാങ്കേതിക കാര്യങ്ങളില്‍ തമിഴ്നാട് നിസ്സഹകരണം തുടരുന്നതിനെ തുടര്‍ന്ന് വീണ്ടും യോഗം ചേരാന്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയുടെ തീരുമാനം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഓപറേറ്റിംഗ് മാനുവല്‍ അടക്കമുള്ള സാങ്കേതിക കാര്യങ്ങളില്‍ തമിഴ്നാട് നിസ്സഹകരണം തുടരുന്നതിനെ തുടര്‍ന്ന് വീണ്ടും യോഗം ചേരാന്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയുടെ തീരുമാനം. ഒരു മാസത്തിനുള്ളില്‍ ഡല്‍ഹിയില്‍വച്ചാകും യോഗം. സമിതി അംഗങ്ങള്‍ ഇന്നലെ അണക്കെട്ട് സന്ദര്‍ശിച്ചു. കേരളത്തില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ സമിതിക്കൊപ്പം അണക്കെട്ടിലേക്ക് കൊണ്ടുപോകാത്തത് പ്രതിഷേധത്തിന് ഇടയാക്കി. മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയില്‍ പുതിയ അംഗങ്ങള്‍ ചുമതലയേറ്റശേഷം ചേര്‍ന്ന ആദ്യ യോഗത്തിലാണ് തീരുമാനം.

കേരളം കാലങ്ങളായി ഉന്നയിക്കുന്ന ഡാം ഓപറേറ്റിംഗ് മാനുവല്‍ അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് ഡല്‍ഹിയില്‍ വീണ്ടും യോഗം ചേരുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കുന്നതിനുള്ള ഓപറേറ്റിംഗ് മാനുവല്‍ സമര്‍പ്പിക്കണമെന്ന് കേരളം പലകുറി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തമിഴ്നാട് വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഡല്‍ഹിയില്‍വച്ച് വീണ്ടും യോഗം ചേരാന്‍ സമിതി ചെയര്‍മാന്‍ ഗുസണ്‍രാജ് തീരുമാനമെടുത്തത്. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് മറ്റ് വിഷയങ്ങളും ഡല്‍ഹിയിലെ യോഗത്തില്‍ കേരളം ഉന്നയിക്കുമെന്ന് കേരളത്തിന്‍റെ പ്രതിനിധി ടിങ്കു ബിസ്വാള്‌ വ്യക്തമാക്കി.

അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉന്നതാധികാര സമിതിയുടെ അറിവോടെ മാത്രമെ നടത്താവൂയെന്ന് സമിതി ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു. അമിതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായാല്‍ ഉടന്‍ ഉന്നതാധികാരസമിതിയോഗം ചേരും. ഉപസമിതിയോഗങ്ങള്‍ തുടര്‍ച്ചയായി മുടങ്ങുന്നതില്‍ സമിതി ചെയര്‍മാന്‍ ഗുല്‍സണ്‍രാജ് അതൃപ്തി അറിയിച്ചു. ഉന്നതാധികാര സമിതിയിലെ തമിഴ്നാട് അംഗം എസ്കെ പ്രകാശും യോഗത്തില്‍‍ പങ്കെടുത്തു.