LiveTV

Live

Kerala

പി ജയരാജൻ സ്വയം മഹത്വവത്കരിക്കുന്നു; സിപിഎമ്മില്‍ രൂക്ഷവിമര്‍ശം

പി ജയരാജൻ സ്വയം മഹത്വവത്കരിക്കുന്നു; സിപിഎമ്മില്‍ രൂക്ഷവിമര്‍ശം
Summary
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയിൽ കടുത്ത വിമർശം

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയിൽ കടുത്ത വിമർശം. ജയരാജൻ സ്വയം മഹത്വവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് കമ്മിറ്റി വിലയിരുത്തി. പാർട്ടി നിലപാട് എല്ലാ ഘടകങ്ങളിലും റിപ്പോർട്ട് ചെയ്യാനും സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തു.

വി എസ് അച്യുതാനന്ദനെ അനുകൂലിച്ച് കഴിഞ്ഞ കാലങ്ങളിൽ പ്രകടനങ്ങളും അഭിപ്രായങ്ങളും ഉയർന്നപ്പോൾ അത് വിഗ്രഹാരാധന ആണ് എന്നതടക്കമുള്ള വിമർശങ്ങൾ ഉന്നയിച്ചയാളാണ് പി ജയരാജൻ. ഈ നിലപാട് സിപിഎം ഒരു കാലത്തും അംഗീകരിക്കില്ല എന്ന് പറഞ്ഞയാളാണ് ഇന്ന് സമാനമായ വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. സ്വയം മഹത്വവത്കരിക്കാൻ പി ജയരാജൻ ശ്രമിക്കുന്നു എന്ന അഭിപ്രായമാണ് കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നത്. ഇതിനായി ജയരാജൻ ജീവിതരേഖ അടങ്ങുന്ന ദൃശ്യങ്ങളും ലേഖനങ്ങളും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നു. ഇത് കമ്മ്യൂണിസ്റ്റ് രീതികൾക്ക് നിരക്കുന്നതല്ലെന്നും വിമർശമുണ്ടായി.

എന്നാൽ പാർട്ടിയിൽ ഉയർന്ന വിമർശനത്തോട് പി ജയരാജന് കടുത്ത എതിർപ്പുണ്ടെന്നാണ് സൂചന. നിലപാട് വ്യക്തമാക്കിയ ശേഷം ജയരാജൻ കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയതായും വിവരമുണ്ട്‌. ജയരാജനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാര്‍ട്ടി കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്