LiveTV

Live

Kerala

വിഴിഞ്ഞം പുനരധിവാസ പാക്കേജ്: മത്സ്യത്തൊഴിലാളികള്‍ സമരം തുടരുന്നു

വിഴിഞ്ഞം പുനരധിവാസ പാക്കേജ്: മത്സ്യത്തൊഴിലാളികള്‍ സമരം തുടരുന്നു
Summary
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്ത് പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തില്‍ മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തിയേക്കും.

തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്ത് പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തില്‍ മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തിയേക്കും. നേരത്തെ ചര്‍ച്ച നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ തങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

നഷ്ടപരിഹാരത്തുക ഉടന്‍ വിതരണം ചെയ്യുക, പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പിലാക്കുക, പൈലിങ് മൂലം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവരെ പുനരധിവസിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 24നാണ് തുറമുഖത്ത് സമരം തുടങ്ങിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറോളം പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഇതിനിടെ അദാനി ഗ്രൂപ്പും ജില്ലാ ഭരണകൂടവും സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതേത്തുടര്‍ന്നാണ് 30ന് വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് നേരത്തെ ജില്ലാ ഭരണകൂടം ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ ഒരു ദിവസം മാത്രം അവശേഷിക്കെ ചര്‍ച്ചക്ക് എവിടെ എത്തണമെന്നോ എപ്പോള്‍ ചര്‍ച്ച നടത്തണമെന്നോ ഉള്ള കാര്യത്തില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. പാക്കേജുകള്‍ നടപ്പിലാകുന്നത് വരെ സമരം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് സമരക്കാര്‍.

സമരം തുടരുന്നതിനാല്‍ തുറമുഖത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. രണ്ട് മാസം മുന്‍പ് നടത്തിയ പൈലിങ് മൂലമാണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതെന്ന് വിദഗ്ധ സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ നഷ്ടപരിഹാരത്തുക നല്‍കാമെന്ന നിലപാടിലാണ് അദാനി ഗ്രൂപ്പ്. നിര്‍മാണം നിര്‍ത്തിവെക്കുന്നത് മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ കമ്പനി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.