LiveTV

Live

Kerala

എ.ജിയുടെ നിയമോപദേശം വൈകുന്നു; സോളാര്‍ അന്വേഷണ ഉത്തരവ് ഇന്നിറങ്ങില്ല

എ.ജിയുടെ നിയമോപദേശം വൈകുന്നു; സോളാര്‍ അന്വേഷണ ഉത്തരവ് ഇന്നിറങ്ങില്ല
Summary
പ്രത്യേക അന്വേഷണ സംഘത്തെ തീരുമാനിച്ചെങ്കിലും അന്വേഷണ ഉത്തരവ് ഇറക്കാൻ സർക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 

സോളാർ കമ്മീഷൻ റിപ്പോർട്ടിൻമേലുളള അന്വേഷണ ഉത്തരവ് ഇന്നിറങ്ങില്ല. എജിയുടെ നിയമേപദേശം വൈകുന്നതാണ് കാരണം. പ്രത്യേക അന്വേഷണ സംഘത്തിൻറെ അധികാര പരിധി സംബന്ധിച്ച ആശയകുഴപ്പവും സർക്കാറന് മുന്നിലുണ്ട്. അതിനിടെ സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി കത്ത് നല്‍കി. കഴിഞ്ഞ ബുധനാഴ്ചയാണ് സോളാർ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ അടിസ്ഥാനമാക്കി ഉമ്മൻചാണ്ടിയടക്കമുളളർക്കെതിരെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാൻറെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘത്തെയും സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ പ്രഖ്യാപനം നടത്തി 5 ദിവസമായിട്ടും അന്വേഷണ ഉത്തരവ് ഇറക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല.

അന്വേഷണം സംബന്ധിച്ച കരട് ഉത്തരവ് കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. കൂടുതൽ പരിശോധനക്കായി മുഖ്യമന്ത്രി ഇത് അഡ്വക്കേറ്റ് ജനറലിന് കൈമാറി. എ‍ജിയുടെ നിയമോപദേശം ഇതുവരെ ലഭിക്കാത്തതാണ് അന്വേഷണ ഉത്തരവ് ഇറക്കുന്നതിൽ കാലതാമസമുണ്ടാക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് വിജിലൻസ് കേസെടുക്കാനാവൂമോയെന്ന ആശയകുഴപ്പവും സർക്കാറിനെ വലക്കുന്നുണ്ട്. പഴുതകളടച്ചുളള അന്വേഷണ ഉത്തരവാണ് തയ്യാറാക്കേണ്ടതെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.

എജിയുടെ നിയമോപദേശം ലഭിച്ചാലുടൻ അന്വേഷണ ഉത്തരവ് ഇറങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. ഇതിനിടെ സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. റിപ്പോര്‍ട്ടിനായി വിവരാവകാശ അപേക്ഷ നല്‍കിയിരുന്നെങ്കിലും അത് നല്‍കാനാകില്ല എന്ന നിലപാട് നിയമമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. തനിക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ ആധാരമാക്കിയ റിപ്പോര്‍ട്ട് നല്‍കാത്തത് പൌരനെന്ന നിലയിലുളള അവകാശത്തിന്‍റെ നിഷേധമാണെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.