LiveTV

Live

Kerala

നിയമസഭാ ചോദ്യങ്ങള്‍ക്ക് ഇന്നും കൃത്യമായ മറുപടിയില്ലാതെ മന്ത്രിമാര്‍

നിയമസഭാ ചോദ്യങ്ങള്‍ക്ക് ഇന്നും കൃത്യമായ മറുപടിയില്ലാതെ മന്ത്രിമാര്‍
Summary
നിയമസഭയിലെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്ന സ്പീക്കറുടെ റൂളിങ്ങിന് ശേഷവും സര്‍ക്കാറില്‍നിന്ന് ഉത്തരമില്ല

നിയമസഭയിലെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്ന സ്പീക്കറുടെ റൂളിങ്ങിന് ശേഷവും സര്‍ക്കാറില്‍നിന്ന് ഉത്തരമില്ല. ഇന്ന് നല്‍കിയ മറുപടികളും അവ്യക്തവും ഒഴിഞ്ഞുമാറുന്ന തരത്തിലുള്ളതുമാണ്. പല പ്രധാന ചോദ്യങ്ങൾക്കും മുഖ്യമന്ത്രി പോലും കൃത്യമായി മറുപടി നല്‍കിയില്ല.
ഈ സഭാ സമ്മേളനം ആരംഭിച്ച കഴിഞ്ഞ 25 മുതൽ എം എൽ എമാർ എഴുതിനൽകിയ ചോദ്യങ്ങളിൽ 616 എണ്ണത്തിന് ഇനിയും മറുപടി ലഭിച്ചിട്ടില്ല.

മന്ത്രിമാരില്‍നിന്ന് ഉത്തരം കിട്ടാത്തതിനെക്കുറിച്ച് എം എല്‍ എമാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെയാണ് സ്പീക്കറ്‍ റൂളിങ് നല്‍കിയത്. ഇതേതുടര്‍ന്ന് 165 ചോദ്യങ്ങള്‍ക്ക് ഇന്ന് മറുപടി നല്‍കി. ഇതില്‍ ഭൂരിഭാഗം മറുപടികളിലും കൃത്യമായി വിവരങ്ങള്‍ നല്‍കിയില്ല. പല ചോദ്യങ്ങള്‍ക്കും വിവരം ശേഖരിച്ചു വരികയാണെന്ന മറപുടി നല്‍കി ഒഴിഞ്ഞുമാറുകയാണ് സര്‍ക്കാര്‍.

മുഖ്യമന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും ഇതേരീതിയിലാണ് മറുപടി. ഒരുവര്‍ഷത്തിനിടെ സ്കൂൾ കുട്ടികൾക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിന്റെ വിവരങ്ങള്‍ മറുപടി പ്രകാരം ആഭ്യന്തര വകുപ്പിൽ ലഭ്യമല്ല. തന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ താത്കാലിക നിയമനത്തെക്കുറിച്ചും മുഖ്യമന്ത്രിക്ക് കൃത്യമായ വിവരങ്ങളില്ല. തദ്ദേശവകുപ്പിനെക്കുറിച്ച പല ചോദ്യങ്ങള്‍ക്കും ഈ രീതിയില്‍ തന്നെയാണ് മന്ത്രിയുടെ മറുടി.

കേരളത്തിൽ നടന്ന ദേശീയ ഗെയിംസ് നടത്തിപ്പിൽ 10.98 കോടിയുടെ പാഴ്ച്ചെല് ഉണ്ടായതായി സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് കണ്ടെത്തിയതായി ധനമന്ത്രി സഭയെ അറിയിച്ചു. മൂന്നാറിൽ 126 അനധികൃത നിർമാണങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതായി റവന്യൂമന്ത്രി അറിയിച്ചു. ഡാറ്റാ ബാങ്കിലോ കരട് ഡാറ്റാ ബാങ്കിലോ നിലമെന്ന് രേഖപ്പെടുത്താത്ത ഭൂമിയിൽ വീടു വെക്കുന്നതിനുള്ള അപേക്ഷകളിൽ ഒരു മാസത്തിനകം തീരുമാനമുണ്ടാകും.